സുരക്ഷാ ഭീഷണി: ആർ.എസ്.എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്ര സേന കൊച്ചിയിൽ

അഞ്ച് ആർ.എസ്.എസ് നേതാക്കൾക്കാണ് സുരക്ഷാ ഭീഷണിയുള്ളത്

Update: 2022-09-28 07:47 GMT
Advertising

കൊച്ചി: പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സുരക്ഷാ ഭീഷണിയുള്ള അഞ്ച് ആർ.എസ്.എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സേന കൊച്ചിയിലെത്തി. അമ്പതംഗ സിആർപിഎഫ് സംഘമാണ് ആലുവയിലെത്തിയത്. നേതാക്കൾ കേശവസമൃതി എന്നുപേരുള്ള ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിലാണ് ഉള്ളത്. കാര്യാലയത്തിനും സുരക്ഷയൊരുക്കിയിട്ടുണ്ട്.

പോപുലർ ഫ്രണ്ടിന് ഏറെ സ്വാധീനമുള്ള മേഖലയാണ് ആലുവ. പോപുലർ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. എന്നാൽ ഏതൊക്കെ നേതാക്കൻമാർക്കാണ് സുരക്ഷാ ഭീഷണിയുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 

അതിനിടെ, പിഎഫ്‌ഐ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഘടനയുടെ പ്രവർത്തകരെയും പിന്തുണയ്ക്കുന്നവരെയും നിരീക്ഷിക്കണമെന്നും നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

കേന്ദ്ര നിർദേശത്തെ തുടർന്ന് ഇന്ന് രാവിലെ സംസ്ഥാന ഇന്റലിജൻസ് എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പിഎഫ്ഐയിലും അനുബന്ധ സംഘടനകളിലും പ്രവർത്തിച്ചവരെ നിരീക്ഷിക്കാൻ തീരുമാനമായി. മറ്റ് ജില്ലാ പൊലീസ് മേധാവിമാർക്കാണ് ലോ ആൻഡ് ഓർഡർ എഡിജിപി നിർദേശം. ഓഫീസുകൾ സീൽ ചെയ്യാനെത്തുമ്പോൾ ഏതെങ്കിലും രീതിയിലുള്ള സംഘർഷം ഉണ്ടാവുകയാണെങ്കിൽ അത് തടയാനുള്ള നടപടികൾ സ്വീകരിക്കാനും പൊലീസ് മേധാവികൾക്ക് നിർദേശമുണ്ട്.

അതേസമയം പിഎഫ്ഐ നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമെന്ന് എസ്ഡിപിഐ പ്രതികരിച്ചു. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മേലുള്ള തിരിച്ചടിയാണ് നിരോധനമെന്നും ഭരണകൂടം സംഘടനാ സ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്നും എസിഡിപിഐ കൂട്ടിച്ചേർത്തു.എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. രാഷ്ട്രീയപ്പാർട്ടി ആയതിനാൽ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് റിപ്പോർട്ട്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News