'ജനാധിപത്യ മര്യാദയുടെ പ്രാഥമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല, സുരേഷ് ഗോപി മാപ്പ് പറയണം': കെ യു ഡബ്ള്യു ജെ

മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയ സുരേഷ് ഗോപി മാപ്പ് പറയണ‌മെന്ന് ആവശ്യം

Update: 2024-08-27 14:02 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കോഴിക്കോട്: ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണ‌മെന്ന് കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ള്യു.ജെ). സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുകയാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്നും കെ.യു.ഡബ്ള്യു.ജെ വ്യക്തമാക്കി. ലോകത്ത് എവിടെയും ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രാഥമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല. എം പിയും മന്ത്രിയും ആവുന്നതിന് മുമ്പും തൃശ്ശൂരിൽ ഒരു മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നു. ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ കായികമായി നേരിട്ട് കളയാമെന്ന ചിന്തയാണ് സുരേഷ് ഗോപിയെ നയിക്കുന്നതെന്ന് വേണം കരുതാൻ. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേഷ് ഗോപി തയ്യാറാവണമെന്നും കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.

മുകേഷിന്‍റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളോടുമുള്ള ചോദ്യത്തിനാണ് മന്ത്രി പ്രകോപിതനായി മറുപടി നല്‍കിയത്. പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. 


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News