ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മരണം: അന്വേഷണം അട്ടിമറിക്കുന്നു, രാഷ്ട്രീയമായി ഉപയോഗിച്ചവര്‍ സഹായിക്കുന്നില്ലെന്ന് കുടുംബം
നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കുടുംബം
ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം. സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിച്ച സംഘപരിവാര്‍ ഇപ്പോള്‍ തങ്ങളെ സഹായിക്കുന്നില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
'കേസില്‍ ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന രണ്ട് പേരെ ഒഴിവാക്കി. ഈ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയാല്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമാണ്'- ചന്ദ്രന്‍ ഉണ്ണിത്താന്റെ മകള്‍ പറഞ്ഞു.
2019 ജനുവരി 2നാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പന്തളത്തുണ്ടായ കല്ലേറില്‍ ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റതും മരിക്കുന്നതും. അന്ന് സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത് എന്നാണ് ആരോപണം. ഈ സംഭവം രാഷ്ട്രീയമായി ഉപയോഗിച്ച സംഘപരിവാര്‍ ഇപ്പോള്‍ കേസ് നടത്തിപ്പില്‍ കൂടെ നില്‍ക്കുന്നില്ല എന്ന് കുടുംബത്തിന് പരാതിയുണ്ട്. കുറ്റപത്രം നല്‍കിയെങ്കിലും കേസ് മുന്നോട്ടുപോയില്ലെന്നാണ് പരാതി. 8 പേരാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്. എല്ലാവരും ജാമ്യത്തിലാണ്.