ചെറിയാൻ ഫിലിപ്പ് തിരികെ കോൺഗ്രസിലേക്ക്; നാളെ പ്രഖ്യാപനം

പ്രസ് ക്ലബിൽ മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കും ചെറിയാൻ ഫിലിപ്പ് പ്രഖ്യാപനം നടത്തുക

Update: 2021-10-28 10:54 GMT
Editor : ijas
Advertising

ഇടതു‍സഹയാത്രികന്‍റെ കുപ്പാ‍യം അഴിച്ചു മാറ്റി ചെറിയാൻ ഫിലിപ്പ് തിരികെ കോൺഗ്രസിലേക്ക് കൂടുമാറുന്നു. നാളെ 11 മണിക്ക് എ.കെ ആന്‍റണിയുമായി ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും കോണ്‍ഗ്രസിലേക്ക് തിരികെ പ്രവേശിക്കുന്നതായ പ്രഖ്യാപനമുണ്ടാവുക. പ്രസ് ക്ലബിൽ മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കും പ്രഖ്യാപനം നടത്തുക.

ഇക്കഴിഞ്ഞ ദിവസം രണ്ട് ദശാബ്ദത്തിനും ശേഷം ആദ്യമായി ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ പങ്കെടുത്തിരുന്നു. ഉമ്മൻചാണ്ടി തന്‍റെ രക്ഷാക‍ർത്താവാണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് ചടങ്ങില്‍ പറഞ്ഞത്.

'ഞാനൊരു എടുത്തുചാട്ട‍ക്കാരനാണ്. എന്നാലിപ്പോൾ എടുത്തുചാട്ട‍ക്കാരന്‍റെ എല്ലൊ‍ടിഞ്ഞ അവസ്ഥയിലാണ്. എടുത്തുചാട്ട‍ക്കാരന്‍റെ എല്ലൊടി‍ച്ചേ വിടൂ എന്ന പഴ‍ഞ്ചൊല്ല് എന്റെ കാര്യത്തിൽ യാഥാർഥ്യമായി. 20 വർഷം ഞാൻ ഉമ്മൻ ചാണ്ടിക്കെതിരെ ആക്രമണം നടത്തിയിട്ടും തിരിച്ചൊരു പ്രതികരണം പോലും ഉണ്ടായില്ല. തെറ്റു ചെയ്താ‍ൽ ക്ഷമി‍ക്കുന്ന മന‍സ്സാണ് ഉമ്മൻ ചാണ്ടി‍യുടേത്. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി''– ചെറിയാൻ പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് നേതാവായ ചെറിയാന്‍ ഫിലിപ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് ഇടതുപക്ഷത്തോടൊപ്പം തുടർന്ന ചെറിയാൻ സമീപനാളുകളിലാണ് അകൽച്ച വ്യക്തമാക്കിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News