'ചെങ്കൊടി കാണുമ്പോൾ ചില മാടമ്പിമാര്‍ക്ക് ഇപ്പോഴും ഹാലിളകുന്നു'- ജ. ദേവന്‍ രാമചന്ദ്രനെ ഉന്നമിട്ട് മുഖ്യമന്ത്രി

സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു

Update: 2022-03-04 14:36 GMT
Advertising

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടിയും തോരണങ്ങളും കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി. ചെങ്കൊടി കാണുമ്പോൾ ഇപ്പോഴും പലർക്കും വല്ലാത്ത അലർജിയാണെന്നും ഇത്തരം മാടമ്പിമാർക്ക് മറുപടി കൊടുത്താണ് ഈ പ്രസ്ഥാനം വളർന്നു വന്നതെന്നും പിണറായി വിജയൻ പറഞ്ഞു. അവരുടെ താങ്ങും തണലും കിട്ടി വളർന്നുവന്ന പ്രസ്ഥാനമല്ലിതെന്നും ചുവപ്പു കാണുമ്പോൾ ഹാലിളകുന്ന കാളയെന്ന അവസ്ഥയിലേക്ക് മാറുന്നത് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനങ്ങളുടെ പാർട്ടിയാണെന്നും എറണാകുളത്ത് സംസ്ഥാന സമ്മേളനം തീരുമാനിക്കുമ്പോൾ വിജയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചില ഘട്ടത്തിൽ പിശകുകൾ ഉണ്ടായെന്ന് വരുമെന്നും എന്നാലും പാർട്ടി അടിസ്ഥാന വർഗത്തിനൊപ്പമാണെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Full View

കേരളത്തിനുള്ള സഹായത്തിൽ കേന്ദ്രസർക്കാർ കുറവ് വരുത്തുന്നുവെന്നും സംസ്ഥാനത്തെ വികസനം തടയാനാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം ബിജെപിയോടൊപ്പം ചേർന്ന് വികസനത്തിന് തുരങ്കംവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരു പറഞ്ഞാലും നന്നാവില്ലെന്ന് പറഞ്ഞ് പാതയോരത്തെ അനധികൃത കൊടിമരങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതി വിമർശനമുയർത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പോയപ്പോൾ അവിടെ നിറയെ കൊടിമരങ്ങളായിരുന്നെന്നും ബഹുഭൂരിപക്ഷവും ചുവന്ന കൊടിമരങ്ങളായിരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. അനധികൃത കൊടിമരം ഒഴിവാക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചപ്പോഴായിതരുന്നു കോടതിയുടെ നിരീക്ഷണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർക്കെതിരെ പിഴചുമത്തുമെന്നും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്നായിരുന്നു ഉത്തരവ്. റോഡിലോ, പൊതു സ്ഥലത്തോ കൊടിമരമോ മറ്റോ സ്ഥാപിക്കണമെങ്കിൽ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നോ മറ്റ് അധികാരപ്പെട്ടവരിൽ നിന്നോ അനുമതി വാങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നു.

Chief Minister Pinarayi Vijayan said that many people are still allergic to red flags

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News