'കുഞ്ഞിനെ കണ്ടെത്തിയത് വേരിൽ മലർന്ന് കിടക്കുന്ന നിലയിൽ'; നിര്‍ണായകമായത് ഡ്രോണ്‍ പരിശോധന
രാവിലെ പൊലീസ് പരിശോധന നടത്തിയ സ്ഥലത്ത് തന്നെയാണ് കുട്ടിയെ കണ്ടെത്തിയത്
പേട്ട: തിരുവനന്തപുരം പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് കാടുമൂടിക്കിടക്കുന്ന പ്രദേശത്ത്. വേരിൽ മലർന്ന് കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ രാവിലെ പൊലീസ് പരിശോധന നടത്തിയ സ്ഥലത്ത് തന്നെയാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ബ്രഹ്മോസിന് പിറകിലെ കാട് മൂടിക്കിടക്കുന്ന സ്ഥലത്താണ് കുട്ടിയുണ്ടായത്. കുട്ടിയുടെ കരച്ചിലോ നിലവിളിയോ ആ സ്ഥലത്ത് നിന്ന് കേട്ടിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. കുട്ടി നടന്ന് ആ സ്ഥലത്ത് എത്താന്‍ സാധ്യതയില്ലെന്ന് പൊലീസും നാട്ടുകാരും ഒരുപോലെ പറയുന്നു.കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ടെന്റിൽ നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണ് ഓട.
അതേസമയം,കുട്ടിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഡ്രോണ്‍ പരിശോധനയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ' ഇന്ന് രാവിലെ മൂന്ന് മണിക്ക് തുടങ്ങിയ പരിശോധന അവസാനിച്ചത് ഏഴേകാലിനാണ്. കുട്ടി അവിടേക്ക് നടന്നെത്തുക എന്ന് പറയുന്നത് സംശയകരമാണ്.കുട്ടി എങ്ങനെയെത്തി എന്നത് കണ്ടെത്തണം. കുട്ടി സ്വന്തമായി പോയി എന്നത് പറയാൻ കഴിയില്ല. നിർജലീകരണം ഉണ്ടായി എന്നാണ് തോന്നുന്നത്'..അദ്ദേഹം പറഞ്ഞു.
കൊച്ചുവേളി റെയിൽവെ ട്രാക്കിന് സമീപമുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെക്കുറിച്ച് വഴിയാത്രക്കാരാണ് വിവരം നൽകിയത്. കുഞ്ഞിനെ കണ്ടെത്തിയ റെയിൽവെട്രാക്കിന് സമീപത്ത് പൊലീസ് പരിശോധന നടത്തുകയാണ്.കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ശാരീരിക ഉപദ്രവം ഏറ്റിട്ടില്ലെന്നും പൊലീസ് പറയുന്നു. കുട്ടിക്ക് നിർജലീകരണം കാരണം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മാത്രമെന്നും പ്രാഥമിക പരിശോധന ഫലം.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ് എന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രേഖാച്ചിത്രത്തിന്റെ സാധ്യത നോക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. വിദഗ്ധ ചികിത്സക്കായി കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കുട്ടിയുടെ മാതാപിതാക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഇന്ന് മുഴുവന്‍ കുട്ടി നിരീക്ഷണത്തില്‍ കഴിയും.
ഉറങ്ങിക്കിടന്ന ടെന്റിൽ നിന്ന് രണ്ടര വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇന്ന് പുലർച്ചെ 12 മണിക്കും ഒരു മണിക്കും ഇടയിലാണ് കുട്ടിയെ കാണാതാവുന്നത്. പേട്ട ഓൾ സെയ്ന്റ്സ് കോളേജിന്റെ പിറകിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മകളെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. മഞ്ഞ ആക്റ്റീവ സ്കൂട്ടറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ ആറുവയസ്സുകാരനായ സഹോദരൻ പൊലീസിൽ മൊഴി നൽകി. എന്നാല്‍ ഈ സ്കൂട്ടര്‍ കഥയില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.