ഓർത്തഡോക്‌സ്- യാക്കോബായ പള്ളിത്തർക്കം; പൊലീസിന്റെ നീക്കം ഇന്നും പരാജയം

യാക്കോബായ വിഭാഗത്തിൻ്റെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻവാങ്ങി

Update: 2024-07-23 13:19 GMT
Advertising

പാലക്കാട്: വടക്കഞ്ചേരി മേഖലയിൽ ഓർത്തഡോക്സ് വിഭാഗത്തിനായി പള്ളികൾ ഏറ്റെടുത്ത് നൽകാനുള്ള പൊലീസിന്റെ നീക്കം ഇന്നും പരാജയപ്പെട്ടു. യാക്കോബായ വിഭാഗത്തിൻ്റെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻവാങ്ങി. മംഗലം ഡാം പള്ളിയിൽ സംഘർഷമുണ്ടായി.

നിലവിൽ യാക്കോബായ വിഭാഗം കൈവശം വെച്ചിരിക്കുന്ന ചില പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. മംഗലംഡാം ചെറുകുന്നം പള്ളി 25 വർഷമായി തർക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. സുപ്രിം കോടതി വിധി അനുകൂലമായതോടെ പൂട്ടികിടക്കുന്ന പള്ളിയുടെ താക്കോൽ ആർ.ഡി.ഒ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയിരുന്നു.

പള്ളിയിലേക്ക് ഓർത്തഡോക്സ് വിഭാഗം വരുന്നത് അറിഞ്ഞ് യാക്കോബയക്കാർ സംഘടിച്ചു. മൂന്ന് തവണ പൊലീസ് ബലം പ്രയോഗിച്ചെങ്കിലും കുട്ടികളും സ്ത്രീകളും ഉൾപെടെയുള്ള യാക്കോബായ വിഭഗക്കാർ പിൻമാറിയില്ല. പ്രതിഷേധത്തിനിടെ യാക്കോബായ വൈദികൻ രാജു മാർക്കോസ് കുഴഞ്ഞ് വീണു. തങ്ങൾ പരമ്പരാഗതമായി കൈവശം വെച്ചിരുന്ന പള്ളി വിട്ടുനൽകില്ലെന്ന് യാക്കോബായ പുരോഹിതർ പറയുന്നു.

നിലവിലെ സാഹചര്യം കോടതിയെ അറിയിക്കുമെന്ന് ആലത്തൂർ തഹസിൽദാർ പറഞ്ഞു. സുപ്രിം കോടതി വിധി ഉണ്ടായിട്ടും പൊലീസ് തങ്ങൾക്ക് മതിയായ സംരക്ഷണം നൽകിയില്ലെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News