Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ കർശന നടപടികൾ തുടർന്ന് എക്സൈസ് സേന. മാർച്ച് അഞ്ച് മുതൽ 16 വരെ 5399 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയത്. ഇതിൽ 153 എണ്ണം മറ്റ് സേനകളുമായി ചേർന്നുള്ള സംയുക്ത പരിശോധനകളായിരുന്നു. 49,171 വാഹനങ്ങൾ പരിശോധിക്കുകയും മയക്കുമരുന്ന് കടത്തുകയായിരുന്ന 36 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
എൻഫോഴ്സ്മെന്റിന്റെ ഭാഗമായി പിടിച്ചത് 725 മയക്കുമരുന്ന് കേസുകളാണ്. ഇതിൽ 742 പേരെ പ്രതിചേർത്തു. 721 പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുകയായിരുന്ന 37 പ്രതികളും പിടിയിലായി. സ്കൂൾ പരിസരത്ത് 1349, ബസ് സ്റ്റാൻഡുകളിൽ 433, റെയിൽവേ സ്റ്റേഷനുകളിൽ 138, ലേബർ ക്യാമ്പുകളിൽ 300 എന്നിങ്ങനെ പരിശോധനകൾ നടത്തി.
406 കള്ള് ഷാപ്പുകളിലും എക്സൈസ് ഈ കാലയളവിൽ പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനകളിൽ പിടിച്ച ലഹരി വസ്തുക്കളുടെ മൂല്യം 2.15 കോടിയാണ്. 81.21 ഗ്രാം എംഡിഎംഎ, 55.73 ഗ്രാം ഹെറോയിൻ, 39.26 ഗ്രാം മെത്താഫെറ്റമിൻ, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 14.5 ഗ്രാം ബ്രൌൺ ഷുഗർ, 133.9 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലർത്തിയ ചോക്കളേറ്റ്, 22 ഗ്രാം ചരസ്, 31.7 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയെല്ലാം എക്സൈസ് പരിശോധനയുടെ ഭാഗമായി പിടിച്ചിട്ടുണ്ട്. പരിശോധനകളുടെ ഭാഗമായി 663 അബ്കാരി കേസുകളും 2984 പുകയില കേസുകളും എക്സൈസ് എടുത്തിട്ടുണ്ട്. ഈ കേസുകളിലായി 10,430 ലിറ്റർ സ്പിരിറ്റ്, 3488 ലിറ്റർ വാഷ്, 1448.29 ലിറ്റർ അനധികൃത വിദേശമദ്യം, 400.2 കിലോ പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ എക്സൈസ് കണ്ടെടുത്തു.