പൗരത്വ നിയമം: മുസ്‌ലിം ലീഗിന്റെ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീഗിന് വേണ്ടി കോടതിയിൽ ഹാജരാകുക

Update: 2021-06-12 07:42 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. നിയമം സ്റ്റേ ചെയ്യുന്നത് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് നേരത്തെ ലീഗ് കത്ത് നൽകിയിരുന്നു.

അഭിഭാഷകൻ ഹാരിസ് ബീരാനാണ് ലീഗിന് വേണ്ടി കത്തു നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി രജിസ്ട്രാർ ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ ഉൾപ്പെടുത്തിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീഗിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.

മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കം തുല്യത അടക്കമുള്ള മൗലിക അവകാശങ്ങളുടെ ലംഘനമാണ് എന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. മറ്റു വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിൽ എതിർപ്പില്ല. എന്നാൽ മുസ്ലിം മതവിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാപരമായ വിവേചനമാണ്- ഹർജിയിൽ പറയുന്നു. പൗരത്വ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ലീഗ് പുതിയ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്നും ലീഗ് ആവശ്യപ്പെടും.

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നു വന്ന മുസ്‌ലിമേതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയ വിജ്ഞാപനത്തിന് എതിരെയാണ് ലീഗ് ഹർജി. മെയ് 28നാണ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയ കുടിയേറ്റക്കാർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാനാകുക. 1955ലെ പൗരത്വ നിയമപ്രകാരം പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News