'മർദിച്ചയാൾക്കൊപ്പം ചർച്ചക്കില്ല'; സി.ഐ.ടി.യു ചർച്ചയിൽ നിന്ന് ബസുടമ ഇറങ്ങിപ്പോയി

തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സി.ഐ.ടി.യു കൊടി കുത്തിയ സംഭവത്തിലാണ് ജില്ലാ ലേബർ ഓഫീസർ ചര്‍ച്ചക്ക് വിളിച്ചത്

Update: 2023-06-27 08:18 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: തിരുവാർപ്പിൽ ബസ് ഉടമയ്ക്കെതിരായ സിഐടിയു സമരം  പരിഹരിക്കാൻ ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം. ചർച്ച ബഹിഷ്കരിച്ച് ബസുടമ രാജ്മോഹൻ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി. തന്നെ ആക്രമിച്ച പ്രതി ചർച്ചക്ക് വന്നതാണ് ബസുടമയെ ചൊടിപ്പിച്ചത്.

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടിനെ തുടർന്നാണ് സമരം അവസാനിപ്പിച്ച് സിഐടിയു ചർച്ചയ്ക്ക് തയ്യാറായിരുന്നത്. 

 ബസ് ഉടമയെ സി.ഐ.ടി.യു നേതാവ് മർദിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. ബസുടമയെ മർദിച്ച സി.ഐ.ടി.യു നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രശ്നത്തിൽ അഡീഷണൽ ലേബർ ഓഫീസറോട് സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന തൊഴിലാളി- തൊഴിലുടമ തർക്കമാണ് മർദനത്തിലെത്തിയത്. തൊഴിലാളികൾക്ക് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന് ആരോപിച്ച് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ സർവീസ് തടസപ്പെടുത്തി സമരം നടത്തി വരികയായിരുന്നു. ഇതിൽ ബസുടമ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒടുവിൽ പൊലീസ് സുരക്ഷയിൽ സർവീസ് നടത്താൻ ബസുടമ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്. ഇതനുസരിച്ച് ഇന്ന് കൊടികൾ നീക്കം ചെയ്യുന്നതിനിടെയാണ് തർക്കവും മർദനവും ഉണ്ടാകുന്നത്.

എന്നാൽ മർദിച്ചെന്ന ആരോപണം സി.ഐ.ടി.യു നിഷേധിച്ചു. കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബി.ജെ.പി നേതൃത്വത്തിൽ ബസുടമ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ സി.ഐ.ടി.യു നേതാവ് അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രശ്നത്തിൽ തൊഴിൽമന്ത്രി ഇടപെട്ട് പരിഹാരം നിർദേശിച്ചു. ഉച്ചക്ക് ബസ് സർവീസ് നടത്താനുള്ള ശ്രമം സി.ഐ.ടി.യു തടഞ്ഞു. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്തു ബസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News