വിവാദങ്ങൾക്കി​ടെ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം

നേരത്തെ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടക്കുമ്പോൾ വിഎച്ച്പി നേതാക്കളെത്തി തടഞ്ഞിരുന്നു

Update: 2024-12-25 12:27 GMT
Advertising

പാലക്കാട്: നല്ലേപ്പിള്ളിയിൽ വിഎച്ച്പി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടഞ്ഞ ഗവ. യുപി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം നടത്തി. പ്രദേശത്തെ നാടകസമിതിയാണ് ക്രിസ്മസ് ആഘോഷത്തിന് നേതൃത്വം നൽകിയത്. അമ്മ നാടകവേദിയുടെ നാടക കളരിയുടെ സമാപന ദിവസമായിരുന്നു ആഘോഷം. ഗ്രാമപഞ്ചായത്ത് അധികൃതരും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി.

നേരത്തെ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടക്കുമ്പോൾ വിഎച്ച്പി നേതാക്കളെത്തി തടഞ്ഞിരുന്നു. ക്രിസ്മസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും ഇവർ പറഞ്ഞിരുന്നു.

സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ. അനിൽകുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ചുമത്തിയാണ് കേസ്. അറസ്റ്റിലായ കെ. അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. വി. സുശാസനൻ ബജ്രംഗ്ദൾ ജില്ലാ സംയോജകും കെ. വേലായുധൻ വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റുമാണ്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News