കുന്നംകുളത്തെ വഴിയോരക്കടയില്‍ നിന്ന് 50,000 രൂപയുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചു; നഷ്ടമായത് ഓണ വിപണിക്കെത്തിച്ച സ്റ്റോക്ക്
സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
തൃശ്ശൂര്‍ : കുന്നംകുളം ആർത്താറ്റ് വഴിയോര വസ്ത്ര വിൽപ്പന സ്ഥാപനത്തിൽ മോഷണം. ആർത്താറ്റ് സ്വദേശിനി ഷിജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് അമ്പതിനായിരം രൂപയോളം വരുന്ന വസ്ത്രങ്ങൾ മോഷണം പോയത്. കുന്നംകുളം ആർത്താറ്റ് പെട്രോൾ പമ്പിനു സമീപം തുണിയും ടാർപ്പായും കൊണ്ട് നിർമ്മിച്ച വഴിയോര കച്ചവട ശാലയിലാണ് ഇന്നലെ മോഷണം നടന്നത്.
ഓണവിപണി ലക്ഷ്യമാക്കി വാങ്ങിയ 50,000 ത്തോളം രൂപ വില വരുന്ന വസ്ത്രങ്ങളാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ പേരാമംഗലം ക്ഷേത്രത്തിൽ കഴിഞ്ഞ വെളളിയാഴ്ച മോഷണം നടത്തിയ പ്രതിയെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലപ്പള്ളി സ്വദേശി കണ്ണനാണ് പിടിയിലായത് . ചിറ്റിലപ്പള്ളി കുന്നത്ത് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപസ്തംഭവും മൂന്നു നിലവിളക്കുമാണ് മോഷണം പോയത്. പേരാമംഗലത്തെ ആക്രിക്കടയിൽ വില്പന നടത്തിയ വസ്തുക്കൾ പൊലീസ് കണ്ടെടുത്തു.