സംഘപരിവാറിന് വേണ്ടി ഇൻഡ്യ മുന്നണിയെ ദുർബലപ്പെടുത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നു: വി.ഡി.സതീശൻ
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കെ.സുരേന്ദ്രനേക്കാൾ സന്തോഷത്തിലാണ് പിണറായി വിജയനെന്ന് വി.ഡി.സതീശൻ പറഞ്ഞു
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രനേക്കാൾ സന്തോഷത്തിലാണ് മുഖ്യമന്ത്രിപിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിന്റെ നയപരമായ സമീപനങ്ങളിൽ പിണറായി വിജയന്റെ ഉപദേശം വേണ്ട. സംഘപരിവാറിന് വേണ്ടി ഇൻഡ്യ മുന്നണിയെ ദുർബലപ്പെടുത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.
'ഇന്നലെ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനേക്കാൾ സന്തോഷവാനായിരുന്നു പിണറിയി വിജയൻ. അദ്ദേഹത്തിന്റെ സന്തോഷം ബി.ജെ.പി ജയിച്ചതും കോൺഗ്രസ് വടക്കെ ഇന്ത്യയിൽ പരാജയപ്പെട്ടതുമാണ്. കോൺഗ്രസിന്റെ നയപരമായ സമീപനങ്ങളിലൊന്നും ഞങ്ങൾക്ക് പിണറായി വിജയന്റെ ഉപദേശം വേണ്ട.
കാരണം പകൽ ബി.ജ.പി വിരോധം സംസാരിക്കുകയും രാത്രിയാകുമ്പോൾ കേസുകളിൽ നിന്നും രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയും ചെയ്യുന്നയാളാണ് പിണറായി വിജയൻ. അങ്ങനെയുള്ള പിണറായിയുടെ ഉപദേശം കേരളത്തിലെയോ ദേശീയ തലത്തിലെയോ കോൺഗ്രസിന് വേണ്ട'.
കേരളത്തിലെ സി.പി.എം നേതാക്കളുടെ സമ്മർദം കൊണ്ടാണ് സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ ഇൻഡ്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സംഘപരിവാറിന് വേണ്ടി ഇൻഡ്യ മുന്നണിയെ ദൂർബലപ്പെടുത്താൻ കൂട്ടുനിന്നയാളാണ് പിണറായി വിജയനെന്നും വി.ഡി സതീശൻ പറഞ്ഞു.