"മേയർക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ല'; സിപിഐയെ തള്ളി സിപിഎം
ക്രിസ്മസ് ദിനത്തിൽ സ്നേഹം പങ്കിടാൻ കേക്കുമായി വന്നാൽ വീട്ടിൽ കയറരുതെന്ന് പറയുന്ന ആളല്ല താനെന്ന് മേയർ
തൃശൂർ: സിപിഐ നേതാവ് വി.എസ് സുനിൽകുമാറിന്റെ ആരോപണങ്ങൾക്കെതിരെ വിമർശനവുമായി മേയർ എം.കെ വർഗീസ്. ക്രിസ്മസ് ദിവസം സ്‌നേഹം പങ്കിടാൻ ഒരു കേക്കുമായി വന്നാൽ വീട്ടിനകത്തേക്ക് കയറരുതെന്ന് പറയുന്ന ഒരാളല്ല താൻ. എല്ലാവർക്കും കേക്ക് രാഷ്ട്രീയ മത ഭേദമന്യെ കൊടുക്കുന്നയാളാണ് താൻ. സുനിൽ കുമാർ എംപി ആയിരുന്നെങ്കിൽ ബിജെപി കേക്ക് കൊടുത്താൽ അത് വാങ്ങിക്കുമായിരുന്നില്ലെ.
ഒരു കേക്ക് തന്നാൽ താൻ ആ പാർട്ടിക്കൊപ്പം പോയെന്ന് കരുതുന്നത് എന്തിനാണ്. താൻ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ആളാണ്. സുനിൽ കുമാറിന് ചുമതലകളില്ല എന്തും പറയാം, പക്ഷെ താൻ ഒറു ചട്ടക്കൂടിനകത്തുള്ള ആളാണ്.
സുരേഷ് ഗോപി തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോൾ ഒരു ചായ കൊടുത്തത് തെറ്റാണോ. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുനിൽ കുമാർ തന്റെയടുത്തേക്ക് വന്നില്ല, ആകെ വന്നത് സുരേഷ് ഗോപി ആണ്. ഇത് ഒരു തെറ്റായി തനിക്ക് തോന്നിയിട്ടില്ല എന്നും എം.കെ വർഗീസ് പറഞ്ഞു.
താൻ ബിജെപിയുടെ കൂടെ പ്രചാരണത്തിന് പോയിട്ടുണ്ടെങ്കിൽ തെളിയിക്കണം. താൻ ഇടതുപക്ഷത്തിന്റെ കൂടെയാണ് അങ്ങനെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും മേയർ പറഞ്ഞു.
ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂർ മേയർ എം.കെ വർഗീസിന്റെ വസതിയിലെത്തി കേക്ക് കൊടുത്തതിനെക്കുറിച്ചാണ് വി.എസ് സുനിൽകുമാർ പ്രതികരിച്ചത്. മേയർക്ക് ചോറിവിടെയും കൂറവിടെയുമാണെന്ന് സുനിൽകുമാർ പറഞ്ഞു.
ഇതിനിടെ സിപിഐയുടെ വാദം തള്ളി സിപിഎമ്മും രംഗത്തുവന്നു. മേയർക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ലെന്നായിരുന്നു സിപിഐയെ തള്ളി സിപിഎം വികസന കമ്മിറ്റി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി പറഞ്ഞത്. ബിജെപിയുടേത് വിഭജനത്തിന്റെ രാഷ്ട്രീയമാണ്. അത് കേരളത്തിനകത്ത് വിലപ്പോയിട്ടില്ല. അതിനുള്ള തന്ത്രം അവർ പയറ്റുമെന്നും വർഗീസ് കണ്ടംകുളത്തി പറഞ്ഞു. കേക്ക് കൊണ്ടുപോവും ബോബാണ് അത് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. മേയറെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചിട്ടുണ്ട്. എന്നാൽ മേയർക്ക് ചാഞ്ചാട്ടം ഉള്ളതായി തോന്നിയിട്ടില്ല. എന്നും വർഗീസ് കൂട്ടിച്ചേർത്തു.