'സ്ത്രീകൾക്ക് നിർഭയമായി കടന്ന് വരാനുള്ള അവസരം സിനിമയിൽ ഉണ്ടാവണം': മുഖ്യമന്ത്രി
മനുഷ്യനെ മലിനമാക്കുന്ന കാര്യങ്ങൾ സിനിമയിൽ ഉണ്ടായാൽ ആപത്തെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾക്ക് സ്വതന്ത്രമായും നിർഭയമായും കടന്ന് വരാനുള്ള അവസരം സിനിമ രംഗത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യനെ മലിനമാക്കുന്ന കാര്യങ്ങൾ സിനിമയിൽ ഉണ്ടായാൽ ആപത്തെന്നും സിനിമയിലെ ഓരോ അംശവും ജനമനസുകളെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് നിർഭയമായി കടന്നുവന്ന് കഴിവുകൾ തെളിയിക്കാനുള്ള എല്ലാ സ്വതന്ത്രാവസരങ്ങളും ചലച്ചിത്ര രംഗത്തുണ്ടാവണം. കലാകാരികൾക്ക് മുമ്പിൽ ഒരുവിധ ഉപാധികളും ഉണ്ടാകരുത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വലിയ നിർബന്ധം ഉള്ളതുകൊണ്ടാണ് ചില പരാതികൾ ഉണ്ടായപ്പോൾ സ്ത്രീകളുടേത് മാത്രമായ കമ്മിറ്റിയെ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്ര ശക്തമായും വിപുലമായും മറ്റേതെങ്കിലുമൊരു കല ഇന്ന് ജനത്തെ സ്വാധിക്കുന്നുവെന്ന് പറയാനാവില്ല. അതിലെ ഓരോ അംശവും ജനമനസുകളെ ബാധിക്കും. മനസുകളെ മലിനമാക്കുന്ന അംശങ്ങൾ സിനിമയിലായാലും സിനിമാ രംഗത്തായാലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്തം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.