"മഹാദുരന്തങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്നു" പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ പൊലീസിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് മഹാദുരന്തങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന് പുതിയ മുഖം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ സമയത്ത് ചുമതലയിൽ നിന്ന് പൊലീസ് മാറിയില്ല. ഏത് കാര്യത്തിനും പൊലീസിനെ വിളിക്കാമെന്ന് ജനത്തിന് ബോധ്യമായതായി മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗൺ സമയത്ത് ചുമതലയിൽ നിന്ന് പൊലീസ് മാറിയില്ല. കോവിഡിനെ തുടർന്ന് മരിച്ച പൊലീസുകാരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ പ്രതിച്ഛായയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. അതാണ് പൊലീസെന്ന് വരുത്തി തീർക്കാൻ ശ്രമമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിവാക്കാനാകണമെന്നും ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ചെറിയ കാര്യങ്ങൾ പോലും പർവ്വതീകരിച്ചു കാണിക്കാൻ ശ്രമമുണ്ട്. അതിനെതിരെ ജാഗ്രത പുലർത്തണം. നവ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമാണിമാരുടെ രക്ഷാകേന്ദ്രമല്ല, പാവങ്ങളുടേതാകണം പൊലീസ് സ്റ്റേഷനുകളെന്ന് പിണറായി വിജയൻ പറഞ്ഞു. ആളുകളെ അനാവശ്യമായി ഇരുത്തരുത്. വരുന്നവരുടെ സമയവും പ്രധാനപ്പെട്ടതാണ് കാത്തിരുത്തുന്നതാണ് തന്റെ മികവെന്ന ചിന്ത ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.