ഡൽഹി വിമാനത്താവളത്തിൽ നിന്ന് 17 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി, കെനിയൻ യുവാവ് അറസ്റ്റിൽ
മയക്കുമരുന്ന് വാങ്ങാനെത്തിയ കെനിയൻ യുവതിയെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് പിന്നീട് പിടികൂടി
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്ന് 17 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. കൊക്കെയ്ൻ കൊണ്ടുവന്ന കെനിയൻ യുവാവ് പിടിയിലായി. മയക്കുമരുന്ന് വാങ്ങാൻ കാത്തുനിന്ന മറ്റൊരു കെനിയൻ യുവതിയെ പിന്നീട് മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്തതായി ഡിആർഐ അറിയിച്ചു.
ചൊവ്വാഴ്ച നെയ്റോബിയിൽ നിന്ന് എത്തിയ യാത്രക്കാരനാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നീട് ലഗേജ് പരിശോധിച്ചപ്പോഴാണ് ഏകദേശം 1,698 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 17 കോടി രൂപ വിലവരും. ഇയാളുടെ കൈയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനടിക്കറ്റും കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് വാങ്ങാനെത്തിയ കെനിയൻ സ്വദേശിനിയെ മുംബൈയിലെ വസായ് മേഖലയിൽ വെച്ചാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.