'പ്രദേശവാസികളുടെ ആശങ്കയകറ്റാതെയുള്ള ഏകപക്ഷീയ നീക്കം'; കരിപ്പൂരിലെ ഭൂമിയേറ്റടുക്കലിനെതിരെ പരാതി
കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം
മലപ്പുറം: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ എതിർപ്പുമായി പ്രദേശവാസികൾ. ഭൂമി നഷ്ട്ടപെടുന്നവരുടെ ആശങ്കയകറ്റാതെ സർക്കാർ ഏകപക്ഷീയ നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി ആരോപിച്ചു. ഈ വർഷം അവസാനത്തോടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം. സ്ഥലമേറ്റെടുപ്പിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുമെന്നാണ് ഏറ്റവുമൊടുവിൽ ചേർന്ന വിമാനത്താവള വികസന സമിതി യോഗത്തിൽ റവന്യു ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ ഭൂമി നഷ്ടപ്പടുന്നവരുമായി ചർച്ച ചെയ്യാതെയും, പ്രദേശവാസികളുടെ ആശങ്ക അകറ്റാതെയുമാണ് സർക്കാർ നീക്കമെന്ന് ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കൂട്ടായ്മ ആരോപിക്കുന്നു.
സ്ഥലമെറ്റെടുപ്പ് നടപടികൾ തടയാനും സമര സമിതി തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി പത്തിലധികം തവണ ഭൂമി വിട്ട് നൽകിയതാണ്. വലിയ വിമാനങ്ങൾക്ക് നിസാര കാരണങ്ങളുടെ പേരിലാണ് വിലക്കേർപ്പെടുത്തിയെതെന്നും, ഇനിയും ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ദുരൂഹമാണെന്നും പ്രദേശവാസികളുടെ കൂട്ടായ്മ വിശദീകരിക്കുന്നു.