എസ്ഐയെ വിളിച്ചിറക്കി സല്യൂട്ടടിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി

എസ്.ഐയെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പരാതി

Update: 2021-09-15 13:05 GMT
Advertising

എസ്ഐയെ വിളിച്ചിറക്കി സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കെഎസ്‍യു തൃശൂർ ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് ആണ് പരാതി നൽകിയത്.

എസ്.ഐയെ നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പരാതിയില്‍ പറയുന്നു. കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും വി.എസ് ഡേവിഡ് പരാതിയില്‍ ആവശ്യപ്പെട്ടു.

പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഒല്ലൂര്‍ എസ്ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. 'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞത്.

പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സല്യൂട്ട് ചെയ്യേണ്ടതില്ല. എസ്ഐ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അദ്ദേഹം സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുമോയെന്നും ഇപ്പോള്‍ വ്യക്തമല്ല.

സുരേഷ് ഗോപിയുടെ പ്രതികരണം

"സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വെച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്‍റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതുതനിയെ ചികിത്സിച്ചാ മതി. വളരെ സൌമ്യമായാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. സാര്‍ എന്ന് വിളിച്ചാണ് സംസാരിച്ചത്. വണ്ടി കൊണ്ടുവന്ന് എന്‍റെ മുന്‍പിലിട്ട് അതിലിരുന്നു. പൊലീസ് വണ്ടിയാണെന്ന് മനസ്സിലായില്ല. ഫോറസ്റ്റിന്‍റെ വണ്ടിയാണെന്നാണ് ഞാന്‍ കരുതിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ മരം വെട്ടിയിട്ടത് മാറ്റാന്‍ പറയാനായി വണ്ടിയിലുള്ളവരെ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഒല്ലൂര്‍ പൊലീസിന്‍റെ വണ്ടിയാണെന്ന് മനസ്സിലായത്. എസ്ഐയോ സിഐയോ ഉണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു. ഇത്രയും നേരം വണ്ടിയിലിരുന്നിട്ട് എസ്ഐ ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു.. ഞാന്‍ എംപിയാണ്, എനിക്ക് സല്യൂട്ടിന് അര്‍ഹതയുണ്ട്. സൌമ്യമായാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം സല്യൂട്ട് ചെയ്തു, ഞാന്‍ തിരിച്ചും. അതിലെന്തെങ്കിലും ഉണ്ടെങ്കില്‍ എന്‍റെ രാജ്യസഭാ ചെയര്‍മാനെ അറിയിക്കൂ. അദ്ദേഹമാണെന്‍റെ ലീഡര്‍"

എംപിക്കും എംഎല്‍എക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്ന പൊലീസ് അസോസിയേഷന്‍റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ കാക്കിയിട്ടയാള്‍ ആരെയും സല്യൂട്ട് ചെയ്യേണ്ട എന്നാണ് തന്‍റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവന്‍ അവന്‍റെ ജോലി കൃത്യമായി ചെയ്താല്‍ മതി. അത് ബ്രിട്ടീഷുകാരുടെ സമ്പ്രദായമാണ്. നാട്ടിലിങ്ങനെയൊരു സമ്പ്രദായമുണ്ടെങ്കില്‍ പാലിക്കപ്പെടണം. സല്യൂട്ടല്ല പ്രശ്നം. അത്രയും നേരം എന്‍റെ മുന്‍പിലൊരു വണ്ടി കൊണ്ടുവന്നിട്ടിട്ട് അതില്‍ തന്നെ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍റെ സാമാന്യ മര്യാദയില്ലേ? താന്‍ ക്ഷോഭിച്ചില്ലല്ലോ. സൌമ്യമായിട്ടല്ലേ പറഞ്ഞത്? അതിലെന്താ തെറ്റെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News