പട്ടികജാതിക്കാരോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിന് കടുത്ത വിവേചനമെന്ന് പരാതി
എസ്.സി ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് അനുമതി നൽകിയില്ല
പാലക്കാട്: നിർമാണ മേഖലയിൽ സഹകരണ സംഘം തുടങ്ങാൻ തീരുമാനിച്ച പട്ടികജാതിക്കാരോട് പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിന് കടുത്ത വിവേചനം. പട്ടികജാതി സഹകരണ സംഘം പൊതു സമൂഹത്തിന് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച ജോയിന്റ് രജിസ്ട്രാർ ഇതു സംബന്ധിച്ച സംസ്ഥാന രജിസ്ട്രാറുടെ നിർദേശവും ലംഘിച്ചു.
പാലക്കാട് എസ്.സി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്ത് കിട്ടാനായി 4 വർഷമായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസ് കയറി ഇറങ്ങിയിട്ടും ഫലമില്ല. എസ്.സി സൊസൈറ്റി പൊതുസമൂഹത്തിനും സഹകരണ പ്രസ്ഥാനത്തിനും ഗുണകരമല്ല വാദമാണ് അവസാനമായി നൽകിയ മറുപടിയിൽ പറയുന്നത്. ആദ്യമായി അപേക്ഷ തള്ളിയ ജോയിൻ രജിസ്റ്റാറുടെ കത്തിൽ എസ്.സി ആനുകൂല്യങ്ങൾ ലഭിക്കാനായി പ്രാഥമിക ലേബർ കോൺട്രാക്ട് സഹകരണ സംഘമായി രജിസ്റ്റർ ചെയ്ത് നൽകാൻ സഹകരണ രജിസ്ട്രാർ നിർദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. 2019 ഏപ്രിൽ ഒൻപതിന് സഹകരണ വകുപ്പ് അണ്ടർ സെക്രട്ടറി എസ്.സി സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർക്ക് അയച്ച കത്തിൽ രജിസ്ട്രേഷൻ നടത്താൻ സഹകരണ രജിസ്ട്രാർ ജോയിൻ രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പറയുന്നു. നിയമ തടസങ്ങൾ ഒന്നുമില്ലെങ്കിലും രജിസ്ട്രേഷൻ മാത്രം നടക്കുന്നില്ല.
നിയമാനുസരം കാര്യങ്ങൾ ചെയ്യണമെന്ന് 2020 ൽ ഹൈക്കോടതിയും ജോയിൻ രജിട്രാർക്ക് നിർദേശം നൽകിയിരുന്നു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നാണ് പാലക്കാട് എസ്.സി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്യനായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷ.