കെഎസ്ആർടിസി ചെക്കിങ് ഇൻസ്പെക്ടറുടെ മരണം കൊലപാതകമെന്ന് പരാതി
ബിജു മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബാങ്ക് വായ്പയായി ലഭിച്ച 11 ലക്ഷം രൂപ കാണാതായതും ദുരൂഹത വർധിപ്പിക്കുന്നെന്നും ബന്ധുക്കള്‍
കൊല്ലം: കൊട്ടാരക്കരയിലെ കെഎസ്ആർടിസി ചെക്കിങ് ഇൻസ്പെക്ടറുടെ മരണം കൊലപാതകമെന്ന് ബന്ധുക്കളുടെ പരാതി. അന്വേഷണം ആവശ്യപ്പെട്ട് റൂറൽ എസ്പിക്ക് പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് വിലങ്ങറ സ്വദേശി ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലെ ജീവനക്കാരൻ ബിജു കുമാറിന്റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ബിജുകുമാർ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും, കൂടെ ജോലി ചെയ്തിരുന്നവരിൽ ചിലർക്ക് മരണത്തിൽ പങ്കുണ്ടെന്ന് എന്നുമാണ് കുടുംബത്തിന്റെ സംശയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. ബിജു മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ബാങ്ക് വായ്പയായി ലഭിച്ച 11 ലക്ഷം രൂപ കാണാതായതും ദുരൂഹത വർധിപ്പിക്കുന്നു.
വീടിനു സമീപമുള്ള പുരയിടത്തിലാണ് ബിജു കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തകാലത്താണ് ഉദ്യോഗകയറ്റം ലഭിച്ച ബിജുവിനെ ഈരാറ്റുപേട്ടയിൽ നിന്നും കോട്ടയത്തേക്ക് സ്ഥലം മാറ്റിയത്. പരാതിയിൽ വിശദമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.