ഹൃദ്രോഗിയെ ഡി.വൈ.എസ്.പി മർദിച്ചെന്ന പരാതി; വകുപ്പുതല അന്വേഷണം നടത്തും
ഡി.സി.ആർ.ബി ഡിവൈഎസ്.പി ജിൽസൺ മാത്യുവിനാണ് അന്വേഷണ ചുമതല
ഇടുക്കി: തൊടുപുഴയിൽ ഹൃദ്രോഗിയെ ഡി.വൈ.എസ്.പി മർദിച്ചെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ്. ഡി.സി.ആർ.ബി ഡിവൈഎസ്.പി ജിൽസൺ മാത്യുവിനാണ് അന്വേഷണ ചുമതല. പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരന്റെയും ആരോപണ വിധേയനായ ഡിവൈഎസ്പി എം.ആർ മധു ബാബുവിന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. വനിതാ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് മുരളീധരനടക്കം മൂന്ന് പേർക്കെതിരെ എസ്.എൻ.ഡി.പി തൊടുപുഴ യൂണിയൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോൾ ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും വയർലെസ് ദേഹത്തേക്ക് വലിച്ചെറിഞ്ഞെന്നുമാണ് മുരളീധരന്റെ പരാതി. ആരോപണം ഡി.വൈ.എസ്.പി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് മുരളീധരൻ അറിയിച്ചു.