പത്തനംതിട്ട കാർഷിക ബാങ്ക് തെരഞ്ഞെടുപ്പിനിടെ മുൻ എം.എൽ.എ കെ.സി രാജഗോപാലിനെ പോലീസ് മർദിച്ചെന്ന് പരാതി
വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം സി.പി.എം പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്
പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ മുൻ എം.എൽ.എ കെ.സി രാജഗോപാലിനെ പോലീസ് മർദിച്ചെന്ന് പരാതി. സ്ഥലത്ത് സി.പി.എം പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിന് പുറത്താണ് സംഭവം.
ഇന്ന് രാവിലെ മുതൽ തെരഞ്ഞെടുപ്പ് കേന്ദ്രത്തിന് സമീപം സി.പി.എമ്മും കോൺഗ്രസും തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള്ളവോട്ടുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളുയർന്നിരുന്നു. കോൺഗ്രസ് വ്യാപകമായി കള്ള വോട്ട് ചെയ്തുവെന്ന് ആരോപിക്കുകയും ആളുകൾ കൂടി നിൽക്കുന്നത് കള്ളവോട്ട് ചെയ്യുന്നതിന് ഒത്താശ ചെയ്യാനാണെന്ന് പറഞ്ഞു കൊണ്ട് സി.പി.എം പ്രവർത്തകർ ഇവിടെക്കെത്തുകയായിരുന്നു. ഇവരോട് പൊലീസ് ഇവിടെ നിന്നു പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു.
ഈ സമയത്ത് പൊലീസിൽ നിന്നും ലാത്തി കൊണ്ട് മർദനമേറ്റുവെന്നും പൊലീസ് തന്നെ തള്ളി താഴേക്കിട്ടുവെന്നും കെ.സി രാജഗോപാൽ ആരോപിച്ചു. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം മുമ്പ് പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നിരുന്നു. അന്നും സംഘർഷമുണ്ടാവുകയും കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.