പി.വി അന്‍വര്‍ എം.എല്‍.എയെ നിലമ്പൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി

ഇതിനു മുന്നേ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നിലമ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയെ കാണാനില്ലെന്ന പരാതി ഉയരുന്നത്

Update: 2021-08-20 12:12 GMT
Editor : ijas
Advertising

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ വീണ്ടും മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായി. ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്. കോവിഡ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ഉടനെയൊന്നും മണ്ഡലത്തില്‍ തിരിച്ചെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എയുടെ ഔദ്യോഗിക നമ്പറും മാധ്യമങ്ങള്‍ക്കടക്കം ലഭ്യമല്ല, സ്വിച്ച്ഡ് ഓഫാണെന്നാണ് ലഭിക്കുന്ന മറുപടി. എം.എല്‍.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ എം.എല്‍.എയുടെ അസാന്നിധ്യം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അതെ സമയം എം.എല്‍.എ മണ്ഡലത്തില്‍ ലഭ്യമല്ലെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കടക്കം ബുദ്ധിമുട്ടില്ലെന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഒരു പി.എയും രണ്ട് അഡീഷണല്‍ പി.എയും നാലോളം സ്റ്റാഫുകളും എം.എല്‍.എ ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായി അറിയിച്ചു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും സഭയില്‍ എം.എല്‍.എയെ പ്രതിനിധീകരിച്ചു 60ഓളം ചോദ്യങ്ങള്‍ ഇ മെയില്‍ വഴി ചോദിച്ചതായും മറ്റുള്ളവരുമായി ചേര്‍ന്ന് 80ഓളം ചോദ്യങ്ങള്‍ ചോദിച്ചതായും എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു.

എം.എല്‍.എയെ 'കാണാതാകുന്നത്' ഇതാദ്യമല്ല..!

ഇതിനു മുന്നേ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നിലമ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയെ കാണാനില്ലെന്ന പരാതി ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലില്ലാത്ത അന്‍വറിനെതിരെ യു.ഡി.എഫ് ശക്തമായ പ്രചാരണമാണ് നടത്തിയത്. ആഫ്രിക്കയിലെ ജയിലിലാണ് അന്‍വറെന്ന ആരോപണവും യു.ഡി.എഫ് ഉയര്‍ത്തി. പി.വി അന്‍വറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. നിലമ്പൂർ പൊലീസ് നേരിട്ട് സ്വീകരിക്കാത്തതിനാൽ ഇ-മെയിലായാണ് പരാതി നൽകിയിരുന്നത്. പരാതി അറിയിക്കാനായി വന്നപ്പോള്‍ പി.വി അന്‍വര്‍ എം.എല്‍.എ ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലോ ഒരു മാസമായി ഇല്ലായിരുന്നു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇതിനു പിന്നാലെ മറുപടിയുമായി പി.വി അന്‍വര്‍ തന്നെ ഫേസ്ബുക്ക് വഴി രംഗത്തുവന്നിരുന്നു. ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ് താനിപ്പോൾ ഉള്ളതെന്നും ബിസിനസ് ആവശ്യത്തിനാണ് താൻ ആഫ്രിക്കയിൽ എത്തിയതെന്നും പി.വി അന്‍വര്‍ പറഞ്ഞു. നിയമ വ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെയാണ് ആഫ്രിക്കയിൽ ബിസിനസ് ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു‌.

'എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌' - എന്ന് തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് പി.വി അൻവർ എം.എൽ.എ വീഡിയോ പങ്കു വെച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News