സപ്ലൈകോ ഓണച്ചന്തയിൽ സാധനങ്ങൾക്ക് അമിത വിലയെന്ന് പരാതി
സബ്സിഡി ഇല്ലാത്ത പഞ്ചസാരക്കും സൺഫ്ലവർ ഓയിലിനുമാണ് പൊതുവിപണിയെക്കാൾ കൂടിയ വില ഈടാക്കുന്നത്
സപ്ലൈകോ ഓണച്ചന്തയിൽ സാധനങ്ങൾക്ക് അമിത വിലയെന്ന് പരാതി. സബ്സിഡി ഇല്ലാത്ത പഞ്ചസാരക്കും സൺഫ്ലവർ ഓയിലിനുമാണ് പൊതുവിപണിയെക്കാൾ കൂടിയ വില ഈടാക്കുന്നത്. ഒരു റേഷൻ കാർഡിന് ഒരു കിലോ പഞ്ചസാരയാണ് സപ്ലൈകോ ഓണ ചന്തയിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നത്. സബ്സിഡിയില്ലാത്ത പഞ്ചസാര പൊതുവിപണിയിൽ 37 രൂപക്കും 38 രൂപക്കും ലഭിക്കും. എന്നാൽ സപ്ലൈകോ ഓണ ചന്തയിൽ 39 രൂപ നൽകണം. 157 രൂപക്ക് ലഭിക്കുന്ന സൺഫ്ലവർ ഓയിലിന് സപ്ലൈകോയിൽ 166 രൂപയാണ് വില. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിർത്താനായാണ് ഓണച്ചന്തകള്‍ തുടങ്ങുന്നതെങ്കിലും ഗുണം പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
ഓണത്തിന് പായസത്തിൽ ശർക്കര ചേർക്കാം എന്ന് പ്രതീക്ഷിച്ച് സപ്ലൈകോ ഓണച്ചന്തയിൽ എത്തിയാൽ ശർക്കര ലഭിക്കില്ല. മാസങ്ങളായി സപ്ലൈകോയിൽ ശർക്കര വിൽപനയില്ല. എല്ലാ മാസവും ഒന്നാം തിയതിയിലെ വില പ്രകാരമാണ് മാസം മുഴുവൻ വിൽപന നടക്കാറുള്ളതെന്നും അതിനലാണ് പഞ്ചസാരക്ക് ഉൾപ്പെടെ അമിത വില വന്നതെന്നും സപ്ലൈകോ അധികൃതർ വിശദീകരിക്കുന്നു.