സ്റ്റേഷൻ ആക്രമിച്ച് സമരക്കാർ; 36 പൊലീസുകാർ ആശുപത്രിയിൽ, വിഴിഞ്ഞത്ത് വൻ സംഘർഷം

വിഴിഞ്ഞത്തേക്ക് കൂടുതല്‍ പൊലീസ് സേനയെത്തും

Update: 2022-11-27 20:26 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് സമരക്കാർ. പൊലീസ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ സ്റ്റേഷൻ ആക്രമിച്ചത്. മർദനമേറ്റ 36 പൊലീസ് ഉദ്യോഗസ്ഥരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ കാലിലും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍റെ തലയിലുമാണ് പരിക്കേറ്റത്. പൊലീസിനു നേരെയുള്ള വ്യാപക കല്ലേറിലാണ് ഇരുവർക്കും പരിക്കേറ്റത്. 

പൊലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചെങ്കിലും സമരക്കാർ പിരിഞ്ഞുപോയില്ല. മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമണം നടന്നു. പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

അടൂർ, റാന്നി ക്യാമ്പുകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ വിളിപ്പിച്ചു. എറണാകുളത്ത് നിന്നും പൊലീസുകാരെ എത്തിക്കാൻ നീക്കമുണ്ട്.  വലിയ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അടൂർ, റാന്നി ക്യാമ്പുകളിൽ നിന്നായി കൂടുതൽ പൊലീസുകാരെ വിളിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും പൊലീസുകാരെ എത്തിക്കാനും നീക്കമുണ്ട്. 1200 പൊലീസ് ഉദ്യാഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം. കൂടാതെ കൂടുതല്‍ എസ്പിമാരെയും ഡിവൈഎസ്പിമാരെയും വിഴിഞ്ഞത്ത് നിയോഗിച്ചിട്ടുണ്ട്. തീരപ്രദേശത്ത് ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് പരിധിയിൽ ഏഴ് ദിവസത്തേക്ക് മദ്യനിരോധനവും ഏർപ്പെടുത്തി.

വൈകുന്നേരത്തോടെയാണ് ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. സ്ത്രീകൾ അടക്കമുള്ള സമരക്കാർ പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. രണ്ട് പൊലിസ് ജീപ്പുകൾ പ്രതിഷേധക്കാർ തകർത്തു. 

അതേസമയം വിഴിഞ്ഞം സംഘർഷം അവസാനിപ്പിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സമര സമിതി നേതാക്കളുമായി നടത്തിയ ഒന്നാംഘട്ട ചർച്ച പൂർത്തിയായി. തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നും രണ്ടാംഘട്ട ചർച്ച ഉടൻ നടക്കുമെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു. ചർച്ചയില്‍ ജില്ലാ കലക്ടർ ഉള്‍പ്പടെയുള്ളവർ പങ്കെടുത്തു.

നിലവിൽ വിഴിഞ്ഞത്തെ സാഹചര്യം ഏകദേശം കൺട്രോളിലാണെന്നും 36 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. നിലവിൽ സമാധാന സ്ഥിതിയാണെങ്കിലും പ്രതിഷേധക്കാർ സ്ഥലത്ത് തന്നെ തുടരുകയാണ്‌.

ഇന്നലത്തെ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്,സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ഉൾപ്പടെയുള്ളവരെ പ്രധാന പ്രതികളാക്കിയാണ് പൊലീസ് എഫ്‌ഐആർ ഇട്ടത്. സാമുദായിക സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു.

നിയമവിരുദ്ധമായി സംഘംചേരൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അമ്പതോളം വൈദികരെയാണ് ആകെ പ്രതികളാക്കിയിട്ടുള്ളത്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. കോടതിയിൽ പ്രതിരോധത്തിലാക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് സമരസമിതി ആരോപിച്ചു.

സംയമനം പാലിക്കുന്നത് പൊലീസിന്റെ ദൗർബല്യമായി കാണേണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തുറമുഖ നിർമാണം നിർത്തിവെച്ചത് മൂലമുണ്ടായ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന നിർമാണ കമ്പനിയായ വിസിലിന്റെ നിർദേശവും സർക്കാർ അംഗീകരിച്ചു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News