'കോൺഗ്രസ് ഫലസ്തീനൊപ്പം, അത് ആഴ്ചക്ക് ആഴ്ചക്ക് മാറ്റുന്നതല്ല'; കെ.സി വേണുഗോപാൽ
വോട്ടുകൾക്ക് വേണ്ടിയല്ല, കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നതെന്ന് വി.ഡി സതീശന്‍
കോഴിക്കോട്: പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടിയാണ് ഫലസ്തീൻ ജനത പോരാടുന്നതെന്നും അത് ആരുടേയും ഔദാര്യമല്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസ് എന്ന പാർട്ടിക്ക് ഒരു നയമേ ഉള്ളൂ. കോൺഗ്രസ് പാർട്ടിയുടെ നയം വ്യക്തമാണ്. കോൺഗ്രസ് ഫലസ്തീനൊപ്പമാണ്. അത് ആഴ്ചക്ക് ആഴ്ചക്ക് മാറ്റുന്നതല്ല.ആങ്ങള ചത്താലും നാത്തൂൻ കരയണം എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. നമ്മൾ അമേരിക്കക്ക് മുന്നിലും ചൈനക്ക് മുന്നിലും കവാത്ത് മറക്കില്ല. കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. അതാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട്.ഇത് ഇന്ത്യയിലെ എല്ലാ കോൺഗ്രസുകാർക്കും ബാധകമായ പ്രമേയമാണ്. ഇതൊരു വലിയ മനുഷ്യാവകാശ പ്രശ്നമാണ്. നിലപടുകളിൽ ഉറച്ചു നിൽക്കുമ്പോഴും ആരുടേയും കെണിയിൽ വീഴാൻ ഞങ്ങളില്ല എന്ന് മുസ്‌ലിം ലീഗ് നിലപാടെടുത്തെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇസ്രായേൽ ജൂതന്മാർക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സ്റ്റാലിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നിക്ഷേപം തേടി ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്രായേലിലേക്ക് പോയത് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.വോട്ടുകൾക്ക് വേണ്ടിയല്ല, കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുദ്ധം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കി.ആർക്കും സംശയം വേണ്ട, കോൺഗ്രസ് പൊരുതുന്ന ഫലസ്തീൻ ജനതയ്ക്കൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു .ശശി തരൂർ, എം എം ഹസൻ,പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ, കെ മുരളീധരൻ, മുസ്ലിം സംഘടനാ നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ, പി.മുജീബ് റഹ്മാൻ, ടി.പി.അബ്ദുള്ളക്കോയ മദനി തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
മുസ്‍ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമർശത്തിൽ ഏറെ പഴി കോൺഗ്രസ്കേട്ടിരുന്നു. സ്ഥിരംവേദിയിൽനിന്നും 200 മീറ്റർമാറിയാണ് വേദി സജ്ജീകരിച്ചിരിക്കുന്നത്. റാലിയിൽ അര ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഫലസ്തീൻ വിഷയത്തിൽ റാലികൾ നടത്തിയ സി.പി.എം തന്ത്രത്തെ പ്രതിരോധിക്കാൻ കൂടിയാണ് കോൺഗ്രസിൻ്റെ ഈ നീക്കം.