ഇടതു മുന്നണിയിലേക്കില്ല; കോൺഗ്രസ് എനിക്ക് വികാരവും സംസ്‌കാരവുമാണ്-കെ.വി തോമസ്
''സംഘടനയെ ചിലർ ഹൈജാക്ക് ചെയ്തിരിക്കുന്നു. പാർട്ടിയുടെ ഊർജം നഷ്ടപ്പെട്ടിരിക്കുന്നു. കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പ്രഗത്ഭരെല്ലാം വിട്ടുപോയി പാർട്ടി ഒരു അസ്തികൂടമായി മാറിയിരിക്കുന്നു.''
കൊച്ചി: കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയ കെ.പി.സി.സി നടപടിയിൽ പ്രതികരിച്ച് മുതിർന്ന നേതാവ് കെ.വി തോമസ്. ഇടതു മുന്നണിയില്‍ ചേരില്ല. കോൺഗ്രസ് ഒരു വികാരവും സംസ്‌കാരവുമാണ്. അതിൽനിന്ന് തന്നെ മാറ്റാനാകില്ലെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് എ.ഐ.സി.സിയുടെ അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ നുണപറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നെ പുറത്താക്കേണ്ടത് എ.ഐ.സി.സിയാണ്. എന്നാൽ, എ.ഐ.സി.സിയുടെ അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല. എ.ഐ.സി.സിയുടെ ഇ-മെയിൽ വന്നിട്ടില്ല. എന്നെ പുറത്താക്കിയെന്ന സുധാകരന്റെ പ്രസ്താവന നുണയാണ്-കെ.വി തോമസ് കുറ്റപ്പെടുത്തി.
ഞാൻ എൽ.ഡി.എഫിലേക്ക് പോകുന്നില്ല. അവർക്ക് പാർട്ടിയുടെ ഉള്ളിൽനിന്ന് വേണമെങ്കിൽ എന്നെ മാറ്റാം. എന്നാൽ, പാർട്ടിയുടെ മെമ്പർഷിപ്പിൽനിന്ന് മാറ്റാം. കോൺഗ്രസ് ഒരു സംസ്‌കാരവും വികാരവുമാണ്. അതിൽനിന്ന്, അതിന്റെ കാഴ്ചപ്പാടിൽനിന്നോ ചിന്താഗതിയിൽനിന്നോ എന്നെ എങ്ങനെ മാറ്റാൻ പറ്റും?-അദ്ദേഹം ചോദിച്ചു.
''ഇവിടെ ചിലർ സംഘടനയുടെ ചട്ടങ്ങളും ചിട്ടകളും തകർക്കുകയാണ്. ഇപ്പോൾ ചിന്തൻ ശിബിർ നടക്കുന്നു. എന്താണ് അതിന്റെ മാനദണ്ഡം? വഴിപോക്കരെയൊക്കെയാണോ അതിലേക്ക് വിളിക്കുന്നത്? സംഘടനയെ ഹൈജാക്ക് ചെയ്ത് കുറേയാളുകൾ എത്തിയിട്ടുണ്ട്. ഇതെല്ലാം കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. പാർട്ടിയുടെ ഊർജം നഷ്ടപ്പെട്ടിരിക്കുന്നു. ചിട്ടയും വട്ടങ്ങളും നഷ്ടമായിരിക്കുന്നു. കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രഗത്ഭരെല്ലാം വിട്ടുപോയി പാർട്ടി ശുഷ്‌ക്കമായി. കോൺഗ്രസ് ഒരു അസ്തികൂടമായി മാറിയിരിക്കുന്നു.''
എന്റെ ചിന്താഗതി വ്യത്യസ്തമാണ്. ഞാൻ വികസനത്തിനൊപ്പമാണ് നിന്നത്. ജനകീയ പ്രശ്‌നങ്ങൾക്കൊപ്പമാണ് നിന്നത്. പാലാരിവട്ടം പാലം ഉമ്മൻചാണ്ടിയുടെ കാലത്ത് തുടങ്ങി ഗതാഗതയോഗ്യമാക്കിയത് പിണറായിയാണ്. വൈറ്റിലയിൽ കല്ലിട്ടപ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം ഞാനുണ്ടായിരുന്നു. ആ കല്ലിട്ടതല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. മേൽപ്പാലമുണ്ടാക്കി അത് പൂർത്തിയാക്കിയത് പിണറായിയുടെ കാലത്താണെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.
ഇന്നലെ രാജസ്ഥാനിലെ ചിന്തൻ ശിബിർ വേദിയിലായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കെ.വി തോമസിനെ പുറത്താക്കുന്ന വിവരം പ്രഖ്യാപിച്ചത്. തൃക്കാക്കര എൽ.ഡി.എഫ് കൺവൻഷനിൽ കെ.വി തോമസ് പങ്കെടുത്ത് മണിക്കൂറുകൾക്കകമായിരുന്നു നടപടി.
ഉദയ്പൂരിലെ ചിന്തൻ ശിബിർ വേദിക്ക് മുന്നിൽ നാടകീയമായിട്ടാണ് പുറത്താക്കൽ പ്രഖ്യാപനം കെ. സുധാകരൻ നടത്തിയത്. കെ.വി തോമസ് എൽ.ഡി.എഫ് കൺവൻഷനിൽ പങ്കെടുത്താൽ നടപടിയെടുത്ത് ദേശീയ നേതൃത്വത്തെ അറിയിച്ചാൽ മതിയെന്ന എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഉറപ്പിലായിരുന്നു ഇത്. പദവികളിൽനിന്ന് മാറ്റിനിർത്തുന്ന അച്ചടക്ക നടപടി ഒരു തവണ എടുത്തതുകൊണ്ടും, തൃക്കാക്കര തെരഞ്ഞെടുപ്പ് ആയതിനാലും കടുത്ത നടപടിയുണ്ടാകില്ലെന്നു കരുതിയവരുടെ പ്രതീക്ഷ തെറ്റിച്ചായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ.
Summary: I will not join the LDF, Congress is an emotion and culture to me, Can't change me from that, says KV Thomas