‘മാടായി കോളജിലെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ നിയമനം റദ്ദാക്കണം’; എഐസിസിക്ക് കത്തയച്ച് കോൺഗ്രസ് പ്രവർത്തകർ

കോളജിൽ സിപിഎമ്മുകാർക്ക് നിയമനം നൽകിയെന്നാരോപിച്ചാണ് കണ്ണൂർ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്

Update: 2024-12-25 16:12 GMT
Advertising

കണ്ണൂർ: മാടായി കോഓപ​റേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ നിയമന വിവാദത്തിൽ എഐസിസിക്ക് കത്തയച്ച് കണ്ണൂർ കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകർ. ഡിവൈഎഫ്ഐ പ്രവർത്തകൻ ധനേഷിന്റെ നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. കൂടാതെ പാർട്ടി സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രവർത്തകർക്ക് മുൻഗണന നൽകാൻ സർക്കുലർ ഇറക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. നിയമന വിവാദത്തിൽ കെപിസിസി ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കത്തയച്ചത്.

മാടായി കോളജിൽ സിപിഎമ്മുകാർക്ക് നിയമനം നൽകിയെന്നാരോപിച്ചാണ് കണ്ണൂർ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി ചർച്ച നടത്തുകയും തൽക്കാലിക ‘വെടിനിർത്തൽ’ പ്രഖ്യാപിക്കുകയും എം.കെ രാഘവൻ എംപിക്കെതിരായ പരസ്യ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ ധാരണയാവുകയും ചെയ്തിരുന്നു. സമാധാന അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചർച്ചകൾ നടത്തുമെന്നും സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചിരുന്നു.

പരസ്യ പ്രതികരണങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന കെപിസിസി ഉപസമിതി നിർദേശം എം.കെ രാഘവൻ വിരുദ്ധ ചേരി അംഗീകരിക്കുകയും ചെയ്തതാണ്. ഉപസമിതി നിർദേശങ്ങളുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

എന്നാൽ, കോളജിൽ നിയമനം ലഭിച്ച എം.കെ ധനേഷിൽനിന്ന് രാജി എഴുതിവാങ്ങണമെന്ന നിലപാടിൽ തന്നെയായിരുന്നു പ്രതിഷേധക്കാർ. നിയമം ലഭിച്ച നാലുപേരിൽ ഒരാളായ ധനേഷിനെ ജോലിയിൽ തുടരാൻ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, നിയമനം പുനഃപരിശോധിക്കുന്നത് പ്രായോഗികമല്ലന്നാണ് കോളജ് ഭരണസമിതി നിലപാട്.

ഇക്കാര്യത്തിൽ കോളജ് ഭരണസമിതി ചെയർമാനായ എം.കെ രാഘവന്റെ നിലപാട് നിർണായകമാണ്. രാഘവൻ ഈ ആവശ്യത്തിന് വഴങ്ങിയേക്കില്ലന്നാണ് സൂചന. പ്രശ്നപരിഹാരത്തിനുള്ള ഫോർമുല തയാറാക്കാൻ കെപിസിസി നിയോഗിച്ച സമിതിക്കും കഴിഞ്ഞിട്ടില്ല‌. ഒരാഴ്ചയ്ക്കകം കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഉപസമിതിയുടെ തീരുമാനം. ഇതിനിടയിലാണ് ഇപ്പോൾ എഐസിസിക്ക് കത്തയച്ചത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News