വധഗൂഢാലോചനാ കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസുക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്
നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. ബുധനാഴ്ചത്തേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ ആവശ്യ പ്രകാരമാണ് ഹര്‍ജി നീട്ടിയത്.
അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുത് എന്നും കോടതി പറഞ്ഞു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പിക്കും. ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. മുദ്ര വെച്ച കവറില്‍ ലഭിച്ച വിശദാംശങ്ങള്‍ കൈമാറാം .
കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം നടക്കുമെന്നായിരുന്നു കോടതി അറിയിച്ചത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളും തയ്യാറായിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ പരിശോധന ഫലങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. അത് പൂര്‍ണമായും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ വിശദമായ വാദം നടക്കണമെങ്കില്‍ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണം. അതിനാല്‍ കൂടുതല്‍ സമയം തങ്ങള്‍ക്ക് വേണമെന്ന് പ്രോസിക്യൂഷന്‍ തന്നെയാണ് ഉന്നയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം ദിലീപിന്റെ അഭിഭാഷകനും സമ്മതിച്ചു.
ദിലീപ് ഉള്‍പ്പെടെ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഇതില്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ,ബന്ധു അപ്പുവും സുഹ്യത്ത് ബൈജുവിനേയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വോഷണ സംഘം ചോദ്യം ചെയ്തത്. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷം അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ വിധിപറയാമെന്നാണ് ജസ്റ്റിസ്. പി ഗോപിനാഥ് തീരുമാനമെടുത്തത്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നുമാണ് പോസിക്യൂഷന്‌റെ നിലപാട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കേസില് അറസ്റ്റ് ചെയ്ത് റോഡിലൂടെ നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന ശാപവാക്കുകള്പ്പുറം ഗൂഢാലോചന എന്ന ആരോപണം വെറും കെട്ടുകഥയാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല് പണവും സ്വാധീനവും കൗശലവുമുള്ളവരുമാണ് പ്രതികളെന്നും അവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ദിലീപിന്റെ സുഹ്യത്തായ ശരത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ശരത്തിന്റെ ഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.