ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിന്‍റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
ഇപ്പോഴുള്ള താൽക്കാലിക സംവിധാനത്തിൽ യാത്രക്കാർക്കായി ഇരിപ്പിടങ്ങളോ ശൗചാലയങ്ങളോ ഇല്ല
എറണാകുളം ആലുവയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിന്‍റെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നത് മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് യാത്രക്കാർ. ഇപ്പോഴുള്ള താൽക്കാലിക സംവിധാനത്തിൽ യാത്രക്കാർക്കായി ഇരിപ്പിടങ്ങളോ ശൗചാലയങ്ങളോ ഇല്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയും സാമ്പത്തിക പ്രശ്നങ്ങളും പരിഹരിച്ച് ഉടൻ ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു.
ആലുവയിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിന്‍റെ പണി ആരംഭിച്ചിട്ട് വർഷം 3 കഴിഞ്ഞു. എന്നാൽ നിർമ്മാണം പൂർത്തിയാകാത്തതിനാൽ ബുദ്ധിമുട്ടിലായിരിക്കുന്നത് ഇവിടെ എത്തുന്ന യാത്രക്കാരാണ്. പ്രാഥമിക ആവശ്യങ്ങൾ നിർഹിക്കുന്നതിന് പോലും സംവിധാനം ഇല്ലാത്തതിനാൽ പലരും ബസിന്‍റെ മറവിലാണ് കാര്യം സാധിക്കുന്നത്. ഓടയിലെ മാലിന്യം കൂടി ആകുന്നതോടെ ഇവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ബസിന്‍റെ സമയക്രമം അറിയാൻ ബോർഡുകൾ പോലും ഇല്ലാത്തതിനാൽ ഇതും യാത്രക്കാരെ വലക്കുന്നു. ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിലെത്തുന്നത്. അതിനാൽ തന്നെ നിർമാണം എത്രയും വേഗം പൂർത്തീകരിക്കാമെന്നാണ് യാത്രക്കാരുടെ ആവശ്യം.