ആകർഷകമായ പരസ്യത്തിൽ മാട്രിമോണി സൈറ്റിൽ രജിസ്‌ട്രേഷൻ, വിവാഹം നടന്നില്ല; യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മാട്രിമോണി സൈറ്റായ കേരള മാട്രിമോണിക്കെതിരെയാണ് പരാതി

Update: 2024-06-14 09:55 GMT
Advertising

കൊച്ചി: മാട്രിമോണി സൈറ്റിൽ രജിസ്‌ട്രേഷൻ ചെയ്തിട്ടും വിവാഹം നടക്കാതെ വന്ന യുവാവിന് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. മാട്രിമോണി സൈറ്റായ കേരള മാട്രിമോണിക്കെതിരെ ചേർത്തല സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് എറണാകുളത്തെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ നടപടി വിധിച്ചത്. യുവാവിന് ചെലവായ 4100 രൂപയ്ക്ക് പുറമെ നഷ്ടപരിഹാരമായി 28000 രൂപയും നൽകണമെന്നാണ് ഡിബി ബിനു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

എറണാകുളത്തെ കേരള മാട്രിമോണി സൈറ്റിനെതിരെയാണ് യുവാവ് പരാതി നൽകിയത്. കമ്പനിയുടെ വെബ്സൈറ്റിൽ 2018 ഡിസംബറിൽ യുവാവ് ഫ്രീയായി പ്രൊഫൈൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷം വെബ്‌സൈറ്റിന്റെ ഓഫീസിൽ നിന്നും പലതവണ ബന്ധപ്പെടുകയും തുക നൽകിയാലേ വധുവിന്റെ വിവരങ്ങൾ നൽകുകയുള്ളൂ എന്നും അറിയിച്ചു. രജിസ്റ്റർ ചെയ്താൽ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നൽകാമെന്ന് വാഗ്ദാനം നൽകിയതോടെ 4,100 രൂപ ഫീസടച്ച് യുവാവ് രജിസ്‌ട്രേഷനും നടത്തി. എന്നാൽ പണം നൽകിയതിന് ശേഷം ഫോൺ കോളുകൾക്ക് മറുപടിയുണ്ടായില്ല. ഓഫീസിൽ പോയി കാര്യം പറഞ്ഞിട്ടും ഫലമുണ്ടാകാതെ വന്നതോടെ യുവാവ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി. രജിസ്‌ട്രേഷൻ ഇനത്തിൽ ചിലവായ 4100 രൂപയും നഷ്ടപരിഹാരമായി 28000 രൂപയും നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എതിർകക്ഷി പരാതിക്കാരന് നൽകുന്നതിന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

2019 ജനുവരി മുതൽ 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിൽ കീഴിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇടനിലക്കാർ മാത്രമാണ് തങ്ങൾ എന്നും സേവന കാലയളവിൽ വിവാഹം ഉറപ്പുനൽകിയിരുന്നില്ലെന്നുമായിരുന്നു കോടതിയിൽ കേരള മാട്രിമോണിയുടെ വാദം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News