കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കണം; കേരളത്തിന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് രോഗതീവ്രത കുറയ്ക്കണമെന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്‍റെ മുന്നറിയിപ്പ്. കേസുകള്‍ കുറയ്ക്കാൻ കൃത്യമായ മാനദണ്ഡം പാലിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
കണ്ടെയ്ൻമെന്‍റ് സോൺ വേർതിരിച്ച് ക്രമീകരണം ഏർപ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളയിടങ്ങളിൽ പരിശോധന വർധിപ്പിക്കണമെന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റാണ് നടത്തേണ്ടതെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. ആശുപത്രികളിലെ സൗകര്യം വര്‍ധിപ്പിക്കണം. ഐ.സി.യു ഓക്സിജൻ ബെഡുകൾ കൂടുതലായി ക്രമീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം തുടങ്ങിയ ഏഴു ജില്ലകളില്‍ ടി.പി.ആര്‍ നിരക്ക് പത്തുശതമാനത്തില്‍ കൂടുതലാണ്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. എല്ലാ ജില്ലകളിലും ടി.പി.ആര്‍ അഞ്ച് ശതമാനത്തിന് താഴെയെത്തിക്കണമെന്നാണ് നിര്‍ദേശം. കണ്ടയ്ൻമെന്‍റ് സോണുകളിൽ പ്രത്യേക വാക്സിനേഷൻ കേന്ദ്രമൊരുക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു.