സർക്കാർ വകുപ്പുകളിൽ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് കോടികൾ; പൊതുവിതരണ വകുപ്പ് കുടിശ്ശിക 2748.46 കോടി രൂപ

2024 ജൂലൈ 31 വരെയുള്ള സപ്ലൈകോയുടെ ബാധ്യത 2490 കോടി രൂപ വരും

Update: 2024-11-30 03:28 GMT
Advertising

തിരുവനന്തപുരം: സപ്ലൈകോയ്ക്ക് സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ളത് കോടികൾ. 2908.77 കോടി രൂപ സപ്ലൈകോയ്ക്ക് കിട്ടാനുണ്ട്. 2024 ജൂലൈ 31 വരെയുള്ള സപ്ലൈകോയുടെ ബാധ്യത 2490 കോടി രൂപ വരും. ലഭിക്കാനുള്ളതിന്റെ മൂന്നിലൊന്നെങ്കിലും കിട്ടിയാലേ സപ്ലൈകോയ്ക്ക് പിടിച്ചു നിൽക്കാനാകൂ. 

ഭക്ഷ്യപൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, റവന്യൂ, ഫിഷറീസ് - തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നാണ് കോടിക്കണക്കിന് രൂപ സപ്ലൈക്കോയ്ക്ക് ലഭിക്കാനുള്ളത്. ഇതിൽ 2,748.46 കോടി രൂപ സിവിൽ സപ്ലൈസ് വകുപ്പ് നൽകാനുള്ളതാണ്. ഇതിൽ 1300 കോടിയോളം രൂപ വിപണി ഇടപെടലിനു വേണ്ടി സപ്ലൈകോ ചിലവഴിച്ചു. ബാക്കി തുക നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശ്ശിക.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാനുള്ളത് 125.58 കോടി. റവന്യൂ വകുപ്പിൽ നിന്ന് 11.17 കോടിയും. ഫിഷറീസ് - തദ്ദേശ വകുപ്പിൽ നിന്ന് 18 കോടിയോളവും ലഭിക്കാനുണ്ട്. കോവിഡ് സമയത്തെ കമ്മ്യൂണിറ്റി കിച്ചന് വേണ്ടി 5.45 കോടി രൂപ രൂപ സപ്ലൈകോ ചിലവഴിച്ചു. ആകെ കിട്ടാനുള്ളത് 2908.77 കോടി രൂപ. ഇതിന് പുറമെയാണ് സപ്ലൈകോയുടെ കടം.

വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്തതിൽ 2490 കോടി രൂപയാണ് ബാധ്യത. ഇത് തിരിച്ചടക്കാൻ പോലും സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകളിൽ നിന്ന് കിട്ടാനുള്ളത് യഥാസമയത്ത് ലഭിക്കാത്തത് സപ്ലൈകോയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. ധനവകുപ്പ് അവഗണന കാണിക്കുന്നില്ല എന്ന് മന്ത്രി ജി.ആർ അനിൽ പറയുന്നുണ്ടെങ്കിലും വകുപ്പിൽനിന്ന് അർഹമായ പണം ലഭിക്കുന്നില്ല. പൊതുവിതരണ വകുപ്പിന് ധനവകുപ്പ് നൽകാനുള്ള തുക നൽകിയാലേ സപ്ലൈകോയുടെ പ്രതിസന്ധി നീങ്ങൂ.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News