ലോകായുക്ത ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന് സിപിഐ; മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം

നേരത്തെയെടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിപിഐ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പരാമർശങ്ങൾ

Update: 2022-02-03 17:42 GMT
Editor : afsal137 | By : Web Desk
Advertising

ലോകായുക്ത ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന് സപിഐ എക്‌സിക്യൂട്ടീവ് അംഗങ്ങൾ. ഇപ്പോഴത്തെ ഭേദഗതി ഒഴിവാക്കണമെന്നും ലോകായുക്ത വിധിക്കെതിരെ സർക്കാരിന് അപ്പീൽ പോകാമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും സിപിഐ ആവശ്യപ്പെട്ടു. ഭേദഗതിയെ പിന്തുണച്ചതിൽ എക്‌സിക്യൂട്ടീവ് യോഗത്തിൽ സിപിഐ മന്ത്രിമാർക്കെതിരെ വിമർശനവുമുയർന്നു. സിൽവർ ലൈൻ പദ്ധതി ജനങ്ങളോട് യുദ്ധം ചെയ്ത് നടപ്പാക്കേണ്ടെന്നും യോഗം വ്യക്തമാക്കി.

നേരത്തെയെടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിപിഐ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പരാമർശങ്ങൾ. ലോകായുക്ത ഓർഡിനൻസിൽ സിപിഎമ്മിന് വിരുദ്ധമായ നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്. ലോകായുക്ത ഓർഡിനൻസിൽ അഭിപ്രായ പ്രകടനം നടത്തുമ്പോൾ മന്ത്രിമാർ ജാഗ്രത പുലർത്തണമെന്ന് യോഗത്തിൽ സിപിഐ എക്സിക്യൂട്ടീവ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ലോകായുക്ത ഓർഡിനൻസ് രണ്ടാമത് പരിഗണിക്കുന്നത് പാർട്ടിയെ അറിയിച്ചിരുന്നെന്നാണ് സിപിഐ മന്ത്രിമാരുടെ വിശദീകരണം. ഓർഡിനൻസിലെ സിപിഐ നിലപാടുമായി ബന്ധപ്പെട്ട് കൃത്യമായ നിർദേശങ്ങൾ ലഭിച്ചിരുന്നില്ലെന്നും ഇത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും സിപിഐ മന്ത്രിമാർ വ്യക്തമാക്കി. അതേസമയം സിൽവർ ലൈൻ പദ്ധതി ജനങ്ങളോട് യുദ്ധം ചെയ്ത് നടപ്പാക്കേണ്ടെന്നും നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.

ലോകായുക്ത ഓർഡിനൻസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകായുക്ത ഓർഡിനൻസിൽ രാഷ്ട്രീയ ആലോചനകൾ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടു വന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് ഓർഡിനൻസിനെ തുടർന്ന് ഇടതുമുന്നണിയിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടത്. അതൃപ്തി പരസ്യമാക്കുമ്പോഴും ഓർഡിനൻസിൻറെ ഉള്ളടക്കത്തെ സിപിഐ നേതൃത്വം ചോദ്യം ചെയ്തിരുന്നില്ല. രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിൻറെ മാത്രം താൽപര്യമാണെന്ന നിലയിലേക്ക് കൂടി എത്തി.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News