സിപിഎമ്മിന് പിന്നാലെ റോഡ് കയ്യേറി സ്റ്റേജ് കെട്ടി സിപിഐ അനുകൂല സംഘടനയും

സിപിഐ പോഷക സംഘടനകൾ നടത്തുന്ന സമരത്തിനായാണ് കാൽനടപ്പാതയും റോഡിൻ്റെ ഒരു ഭാഗവും കയ്യേറിയത്

Update: 2024-12-11 07:35 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സിപിഐ അനുകൂല സംഘടനയും റോഡ് കയ്യേറി സ്റ്റേജ് കെട്ടി. പങ്കാളിത്ത പെൻഷനെതിരെ സിപിഐ പോഷക സംഘടനകൾ നടത്തുന്ന സമരത്തിനായാണ് കാൽനടപ്പാതയും റോഡിൻ്റെ ഒരു ഭാഗവും കയ്യേറിയത്. ഇന്നലെ തുടങ്ങിയ സമരം ഇന്ന് വൈകീട്ടോടുകൂടി മാത്രമേ അവസാനിക്കുകയുള്ളൂ.

സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി ഇടപെട്ടതോടെ പോലീസും അനങ്ങി തുടങ്ങി. സെക്രട്ടറിയേറ്റിലെ വഴി തടസ്സപ്പെടുത്തിയുള്ള സമരത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. 

നേരത്തെ വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയിരുന്നു. സമ്മേളനപരിപാടികൾ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡിൽ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡിൽ വേ​ദി കെട്ടിയത്. സ്കൂൾ വാഹനങ്ങളടക്കം ​ഗതാ​ഗ​തക്കുരുക്കിൽപ്പെട്ടിരുന്നു. വഞ്ചിയൂരിലും പോലീസ് കേസെടുത്തിരുന്നു.

സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് ഇന്ന് ഖേദപ്രകടനം നടത്തിയിരുന്നു. റോഡിൽ സ്റ്റേജ് കെട്ടിയത് ഒഴിവാക്കണമായിരുന്നുവെന്നും ഇനി ശ്രദ്ധ പാലിക്കുമെന്നുമായിരുന്നു ജോയ് പറഞ്ഞത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News