മീഡിയവണിന്‍റെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചത് അപലപനീയവും പ്രതിഷേധാര്‍ഹവും: സി.പി.എം

ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം

Update: 2022-01-31 14:42 GMT
Advertising

മീഡിയവണിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത് അപലപനീവും പ്രതിഷേധാര്‍ഹവുമെന്ന് സി.പി.എം. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മീഡിയവണിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദേശം അപലപനീവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

മീഡിയവണിനെതിരെ മാത്രമുള്ള നടപടി അല്ല ഇത്: എം എ ബേബി

മീഡിയവൺ ചാനലിന്‍റെ പ്രക്ഷേപണം നിര്‍ത്തി വെപ്പിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കേന്ദ്ര സർക്കാർ നടത്തുന്ന കയ്യേറ്റമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മീഡിയവണിനെതിരെ മാത്രമുള്ള നടപടി അല്ല ഇത്. എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി മാധ്യമങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാം എന്ന് എല്ലാ മാധ്യമങ്ങൾക്കുമായി നല്‍കുന്ന സന്ദേശം ആണിത്. മാധ്യമങ്ങളെ വരുതിയിലാക്കാൻ സർക്കാർ നടത്തുന്ന പുതിയ ഒരു ശ്രമം. മാധ്യമങ്ങളെ നിയന്ത്രിച്ചു നിര്‍ത്തി നടപ്പാക്കുന്ന സംവിധാനത്തെ ജനാധിപത്യം എന്ന് പറയാനാവില്ല. അടിയന്തരാവസ്ഥയുടെ പ്രേതം ആർഎസ്എസുകാരെ ബാധിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി അമിതാധികാര വാഴ്ചക്കാരായ ആർഎസ്എസുകാരെ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് ഇറക്കി വിടാതെ ഇവിടെ ജനാധിപത്യം പുലരുമെന്ന് നമുക്ക് ആഗ്രഹിക്കാനാവില്ല.

അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ ജനാധിപത്യവാദികള്‍ മുന്നിലുണ്ടാണം: മന്ത്രി വി ശിവന്‍കുട്ടി

മീഡിയവൺ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യത്തിന്റെ നാലാം തൂണിനെ ചങ്ങലക്കിടാനുള്ള ഏതൊരു നീക്കവും അപലപനീയമാണ്. ആശയപരമായ സംവാദങ്ങളെ നേരിടാൻ ആകാതെ വരുമ്പോഴാണ് നിരോധനം പോലുള്ളവയെ ആശ്രയിക്കേണ്ടി വരുന്നത്. എല്ലാ ജനാധിപത്യ ശക്തികളും ഈ നീക്കത്തിനെതിരെ രംഗത്ത് വരണം. പേടിപ്പിച്ച് നിശബ്ദരാക്കുക എന്ന തന്ത്രം കേരളത്തിൽ വിലപ്പോവില്ല. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ ജനാധിപത്യവാദിയും മുന്നിലുണ്ടാണം. നിരോധനം പോലുള്ള ആശയങ്ങളെ മുളയിലേ നുള്ളുവാൻ ശക്തമായ പ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്. ജനാധിപത്യത്തിന് നാമെല്ലാവരും കാവലാളാവണം.

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: എ എം ആരിഫ് എംപി 

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ അനുമതി വ്യക്തമായ കാരണങ്ങളില്ലാതെ തടഞ്ഞ കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റമാണെന്നും എ എം ആരിഫ് എംപി പറഞ്ഞു

ജനാധിപത്യവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ

മീഡിയവണ്‍ സംപ്രേഷണം വിലക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ. മാധ്യമസ്ഥാപനങ്ങള്‍ക്ക് എതിരായ കടന്നാക്രമണം ചെറുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.




 


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News