മന്‍മോഹന്‍ സിങ്ങിന്റെ വിയോഗം വേദനയുണ്ടാക്കുന്നത്: സഫാരി സൈനുൽ ആബിദീൻ
‘രാജ്യത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആ നാമം കൊത്തിവെക്കപ്പെടും’
കോഴിക്കോട്: പ്രഗത്ഭ സാമ്പത്തിക പരിഷ്‌കര്‍ത്താവും മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അതിനിർണായക പങ്കുവഹിച്ച വ്യക്തിത്വം ഡോ. മന്‍മോഹന്‍ സിങ്ങിെൻറ വിയോഗം വേദനയുണ്ടാക്കുന്നതാണെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ. ഇന്ത്യയുടെ അടിസ്ഥാന വര്‍ഗത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാൻ നിരവധി നിയമ നിര്‍മാണങ്ങള്‍ തന്റെ ഭരണകാലത്തു നടത്തിയ ആ മഹാമനീഷിയെ കുറിച്ച് രണ്ടു വ്യക്തിപരമായ അനുഭവങ്ങളാണ് എനിക്കുള്ളത്.
ഇ. അഹമ്മദിന്റെ കാലത്ത് അദ്ദേഹത്തിന്റെ നോമ്പുതുറയില്‍ പങ്കെടുക്കുന്ന വേളയിലാണ് ആദ്യമായി ഡോ. മന്‍മോഹന്‍ സിങ് എന്ന രാജ്യത്തിന്റെ അതിപ്രഗത്ഭനായ സാമ്പത്തിക പരിഷ്‌കര്‍ത്താവിനെ ആദ്യമായി കാണുന്നത്. അന്നദ്ദേഹവുമായി സംസാരിക്കാനും അവസരമുണ്ടായി.
പിന്നീട് ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് അദ്ദേഹത്തോടൊപ്പം വിരുന്നില്‍ പങ്കെടുക്കാനും സംവദിക്കാനുമുള്ള അവസരുമുണ്ടായിരുന്നു. അന്ന് കൂടിക്കാഴ്ചക്ക് ക്ഷണിച്ച അദ്ദേഹം ദീര്‍ഘമായി തന്നെ പ്രവാസ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയും വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം ക്ഷമയോടെ കേട്ടു.
ജനങ്ങളുടെ അറിയാനുളള അവകാശത്തെ നിയമമാക്കിയതു മുതല്‍ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമം തുടങ്ങി രാജ്യത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ മുന്നേറ്റം ഉറപ്പാക്കുന്നതില്‍ നിർണായക സ്വാധീനം വഹിച്ച വ്യക്തിയെന്ന നിലയില്‍ ഇന്ത്യാ രാജ്യത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആ നാമം കൊത്തിവെക്കപ്പെടുമെന്നത് തീര്‍ച്ചയാണെന്നും സൈനുല്‍ ആബിദീന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.