'ഹമീദ് ഫൈസിയുടെ പ്രതികരണത്തിന് പിന്നിൽ സിപിഎം അജണ്ട, മതസ്പർധയുണ്ടാക്കുന്ന പ്രസ്താവനക്കെതിരെ കേസ് എടുക്കണം': മുസ്‌ലിം ലീഗ് നേതാവ് ഷാഫി ചാലിയം

സിപിഎം അജണ്ടക്കായി സമസ്ത വേദി ഉപയോഗപ്പെടുത്തുന്നത് തുടർന്നാൽ പ്രതികരിക്കേണ്ടിവരുമെന്ന് ഷാഫി ചാലിയം

Update: 2025-01-12 05:17 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: കേക്ക് വിവാദത്തിൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ നിലപാട് മതസൗഹാർദം തകർക്കുന്നതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മീഡിയവണിനോട്.

ഹമീദ് ഫൈസിയുടെ പ്രതികരണത്തിന് പിന്നിൽ സിപിഎം അജണ്ടയാണ്. സിപിഎം അജണ്ടക്കായി സമസ്ത വേദി ഉപയോഗപ്പെടുത്തുന്നത് തുടർന്നാൽ പ്രതികരിക്കേണ്ടിവരും. മതസ്പർധയുണ്ടാക്കുന്ന പ്രസ്താവനക്കെതിരെ കേസെടുക്കണമെന്നും ഷാഫി ചാലിയം പറഞ്ഞു. 

'കേക്ക് കഴിക്കുന്നത് എങ്ങനെ ഇസ്‌ലാമിക വിരുദ്ധമാകും. കേക്കും ക്രിസ്ത്യൻ സമുദായവും തമ്മിൽ എന്ത് മതപരമായ ബന്ധമാണുള്ളത്. ഒരു ബന്ധവുമില്ല, പരസ്പരം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സാദിഖലി തങ്ങൾ ബിഷപ്പ് ഹൗസിലേക്ക് ചെന്നത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ ലീഗുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ലീഗിനെതിരെയുള്ള കേവലമൊരു വിമർശനവുമല്ല. ഇവിടുത്തെ പൊതുമതസൗഹൃദങ്ങൾ തകർക്കാനുള്ള ദുഷ്ട ശക്തികളായി ഇവരെ കാണണം. മതസ്പർധയുണ്ടാക്കുന്നതിന് കേസ് എടുക്കണം' ഷാഫി ചാലിയം പറഞ്ഞു.

Watch Video Report

Full View

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തതിനെതിരെയാണ് എസ്‌വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് എത്തിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് കഴിച്ചതിലായിരുന്നു വിമർശനം.

മറ്റു മതസ്ഥരുടെ ആചാരത്തിന്റെ ഭാഗമാകുന്നത് നിഷിദ്ധമാണെന്ന് ഹമീദ് ഫൈസി പറഞ്ഞിരുന്നു. പണ്ഡിതന്മാരും ലീഗ് നേതാക്കളും ഇത്തരം കാര്യങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സാഹചര്യത്തിനൊത്ത് അത് മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.  

ഹമീദ് ഫൈസിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് എത്തിയിരുന്നു. ലീഗ് ഉയർത്തി പിടിക്കുന്ന പാരമ്പര്യമാണ് ഹൈദരലി തങ്ങളും ഉയർത്തിപ്പിടിച്ചത്. പൊതുസമൂഹത്തെ കൂട്ടുപിടിച്ച് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ. അല്ലാത്തതൊക്കെ വിഭാഗീയതയോ വർഗീയതയോ ആണ്. അത്തരം വിഭാഗീയ പ്രസ്താവനകൾ ആര് നടത്തിയാലും ലീഗ് അവജ്ഞയോടെ തള്ളി കളയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News