‘ഭീകരമായ തട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ലീഗിനെ കുറ്റം പറയുന്നത്‘; കേക്ക് വിവാദത്തിൽ ഹമീദ് ഫൈസിക്കെതിരെ PMA സലാം
‘ജനങ്ങൾ അംഗീകരിച്ച രാഷ്ട്രീയമാണ് മുസ്ലിം ലീഗിന്റേത്‘
മലപ്പുറം: കേക്ക് വിവാദത്തിൽ ഹമീദ് ഫൈസിക്കെതിരെ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി PMA സലാം. ‘ഭീകരമായ തട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ആണ് ലീഗിനെ കുറ്റം പറയുന്നത്. ജനങ്ങൾ ആർക്കൊപ്പം എന്നത് തെരഞ്ഞെടുപ്പുകളിൽ വ്യക്തമായതാണ്. ജനങ്ങൾ അംഗീകരിച്ച രാഷ്ട്രീയമാണ് മുസ്ലിം ലീഗിന്റേത്. പിന്നെ എന്തിനാണ് പഴകിപ്പുളിച്ച ആരോപണങ്ങൾ ഏറ്റെടുത്ത് നടക്കുന്നതെന്നും സലാം പറഞ്ഞു. ക്രിസ്മസിന് ബിഷപ്പിനൊപ്പം സാദിഖലി തങ്ങൾ കേക്ക് മുറിച്ചതിനെ ഹമീദ് ഫൈസി വിമർശിച്ചിരുന്നു.
സംഭവത്തിൽ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. ലീഗ് ഉയർത്തി പിടിക്കുന്ന പാരമ്പര്യമാണ് ഹൈദരലി തങ്ങളും ഉയർത്തിപ്പിടിച്ചത്. പൊതുസമൂഹത്തെ കൂട്ടുപിടിച്ച് മാത്രമേ പാർട്ടി മുന്നോട്ട് പോകൂ. അല്ലാത്തതൊക്കെ വിഭാഗീയതയോ വർഗീയതയോ ആണ്. അത്തരം വിഭാഗീയ പ്രസ്താവനകൾ ആര് നടത്തിയാലും ലീഗ് അവജ്ഞയോടെ തള്ളി കളയുമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഇതാണ് വിമർശനത്തിന് കാരണമായത്. സമസ്തയിലെ ലീഗ്‌വിരുദ്ധ ചേരിയുടെ നേതാവാണ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്.