പി.വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ മൗനം പാലിച്ച് സി.പി.എമ്മും സര്‍ക്കാരും; ആയുധമാക്കി പ്രതിപക്ഷം

ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോപണം ഉയർന്നിട്ടും സി.പി.എം പ്രതിരോധിക്കാത്തതിൽ അത്ഭുതവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്

Update: 2024-09-02 00:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ക്രമസമാധാനം ചുമതലയുള്ള എ.ഡി.ജി.പി എം. ആർ അജിത് കുമാറിനെതിരെയും പി.വി അൻവർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടും മൗനം പാലിച്ച് സി.പി.എം. അൻവറിന്‍റെ ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ ശ്രദ്ധയിൽ പെട്ടു എന്ന് പറഞ്ഞ സി.പി.എം നേതൃത്വം പിന്നീട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോപണം ഉയർന്നിട്ടും സി.പി.എം പ്രതിരോധിക്കാത്തതിൽ അത്ഭുതവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.

പാർട്ടി അച്ചടക്ക നടപടി നേരിട്ട് പ്രധാന പദവികൾ ഇല്ലാതിരുന്ന പി. ശശിയെ കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തോടെയാണ് സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഇതിന് പിന്നിലെ പുത്തലത്ത് ദിനേശനെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് മാറ്റി പി. ശശിക്ക് ചുമതല നൽകുകയും ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിമാരാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന വസ്തുത സർക്കാരുകൾ അംഗീകരിക്കാറില്ലെങ്കിലും അതാണ് വാസ്തവം. അതായത് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവാദം ഉണ്ടാകുമ്പോൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. ഇടതുമുന്നണിയുടെ എം.എൽ.എ ആയ പി.വി അൻവർ ആരോപണത്തിന്‍റെ ശരം എയ്യുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിയുടെ മുന്നിലേക്കാണ്.

അതിനൊപ്പം ക്രമസമാധാനം ചുമതലയുള്ള എ.ഡി.ജി.പി എം ആർ അജിത് കുമാറിലേക്കും. അതീവ ഗൗരവത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിട്ടും സി.പി.എം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല..അൻവറിന്‍റെ ആരോപണം ശ്രദ്ധയിൽപ്പെട്ടെങ്കിലും പാർട്ടി ചർച്ച ചെയ്തിട്ടില്ല എന്ന് പറഞ്ഞു ഒഴിവാക്കുകയായിരുന്നു സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണത്തിന് തയ്യാറായിട്ടില്ല. ആഭ്യന്തരവകുപ്പിനെ ആകെ പ്രതിസന്ധിയിൽ ആക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച അൻവറിലെ വിലക്കാൻ സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല എന്നുള്ളതും ശ്രദ്ധേയമായി കാണേണ്ടതാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News