സി.എ.എയ്‌ക്കെതിരെ സി.പി.എം പ്രക്ഷോഭം; ലീഗ് ഉൾപ്പെടെ സമാനമനസ്‌കരെ ഒപ്പംകൂട്ടുമെന്ന് എം.വി ഗോവിന്ദൻ

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളും ബഹുജന റാലികളും സംഘടിപ്പിക്കും

Update: 2024-03-15 11:37 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് സി.പി.എം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളും ബഹുജന റാലികളും സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ സമാനമനസ്‌കരെയും ഒപ്പംകൂട്ടുമെന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.

തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ.എ നടപ്പാക്കുന്നത് വർഗീയ അജണ്ടയോടെയാണ്. അതു കേരളത്തിൽ നടപ്പാകില്ല. സി.എ.എ പ്രക്ഷോഭത്തിൽ മുസ്‌ലിം ലീഗ് മാത്രമല്ല, സഹകരിക്കാവുന്ന എല്ലാവരുമായും സഹകരിക്കും. ആരെയും മാറ്റിനിർത്തില്ല. തുടക്കം മുതൽ സി.പി.എം നിലപാട് അതാണെന്നും ലീഗിനെ സഹകരിപ്പിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ഗോവിന്ദൻ വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനും സി.പി.ഐക്കും പണം കിട്ടിയിട്ടില്ല എന്ന വാർത്ത ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോർപറേറ്റുകളുടെ പണം ബോണ്ട് വഴി വാങ്ങില്ലെന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് സി.പി.എം. ബോണ്ടിനെതിരെ സുപ്രിംകോടതിയെ സമീപിച്ച പാർട്ടിയാണ് സി.പി.എമ്മെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനയിലും അദ്ദേഹം വിശദീകരണം നൽകി. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. പ്രത്യേക സാഹചര്യത്തിൽ പറഞ്ഞ ഇ.പിയുടെ വാക്കുകൾ വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ഇ.പി തന്നെ മറുപടി നൽകും. അത്തരം ആരോപണങ്ങൾ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ല.

Full View

രാജീവ് ചന്ദ്രശേഖറും ഇ.പി ജയരാജനും തമ്മിൽ കച്ചവടബന്ധമാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ഇ.പി ജയരാജൻ വിശദീകരിക്കും. വ്യക്തിപരമായ ആരോപണങ്ങൾക്ക് പാർട്ടിക്ക് മറുപടി പറയേണ്ടതില്ല. ബി.ജെ.പി പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയേ അല്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Summary: CPM announces agitation against Citizenship Amendment Act

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News