'ബി.ജെ.പി പരിപാടിയാണെന്ന് അറിഞ്ഞില്ല; അറിഞ്ഞയുടൻ വേദിവിട്ടു'-വികസിത് ഭാരത് സങ്കല്‍പ് യാത്ര വിവാദത്തില്‍ വിശദീകരണവുമായി സി.പി.എം കൗൺസിലർ
ബാങ്ക് ഓഫ് ഇന്ത്യ മരട് ബ്രാഞ്ച് മാനേജർ ക്ഷണിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് കൗൺസിലർ ജിജി പ്രേമൻ
കൊച്ചി: എറണാകുളത്ത് വികസിത് ഭാരത് സങ്കല്‍പ് യാത്ര ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സി.പി.എം കൗൺസിലർ. ബാങ്ക് ഓഫ് ഇന്ത്യ മരട് ബ്രാഞ്ച് മാനേജർ ക്ഷണിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് കൗൺസിലർ ജിജി പ്രേമൻ പ്രതികരിച്ചു. ഉദ്ഘാടകയാണെന്ന് അറിഞ്ഞത് പരിപാടിക്കെത്തിയപ്പോഴാണെന്നും അവര്‍ പറഞ്ഞു.
ബി.ജെ.പിയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജിജി പറഞ്ഞു. പരിപാടിയെ കുറിച്ച് അറിഞ്ഞയുടൻ വേദിവിട്ടിരുന്നു. ബാങ്ക് മാനേജർ ബോധപൂർവം രാഷ്ട്രീയപരമായി തേജോവധം ചെയ്യുകയായിരുന്നുവെന്നും ജിജി പ്രേമന്‍ വിശദീകരിച്ചു. മരട് നഗരസഭയിലെ 33-ാം വാർഡ് കൗൺസിലലറാണ് ജിജി.
കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര സംഘടിപ്പിക്കുന്നത്. യാത്രയുടെ എറണാകുളം മരട് നഗരസഭയിലെ പര്യടനമാണ് സി.പി.എം കൗൺസിലർ ഉദ്ഘാടനം ചെയ്തത്.
Summary: ''Didn't know it was a BJP programme; As soon as she came to know, he left the stage'': CPM Councilor Gigi Preman's explanation in Vikasit Bharat Sankalp Yatra inauguration row