സഹകരണ ബാങ്കിൽ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പകൾ പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ലെന്ന് സിപിഎം രേഖ

അനധികൃത പണപ്പിരിവ് പാർട്ടിയിൽ കൂടി വരുന്നതായും സിപിഎം വിലയിരുത്തിയിട്ടുണ്ട്.

Update: 2024-09-21 01:28 GMT
Advertising

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പകൾ പാർട്ടി പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ലെന്ന് സിപിഎം രേഖ. പണം ഇതുവരെ അടയ്ക്കാത്തവർ ഉടൻ‌ തിരിച്ചടയ്ക്കണമെന്നും സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. അനധികൃത പണപ്പിരിവ് പാർട്ടിയിൽ കൂടി വരുന്നതായും സിപിഎം വിലയിരുത്തിയിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വാർത്തകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് കഴിഞ്ഞ കുറെ കാലമായി പുറത്തുവരുന്നത്. വിവാദങ്ങളിൽ ഉൾപ്പെട്ടതിൽ കൂടുതലും സിപിഎം ഭരണസമിതിയിലുള്ള ബാങ്കുകളും ആയിരുന്നു. വിവാദങ്ങൾ സഹകരണ മേഖലയെ ബാധിക്കുന്നുവെന്ന് സിപിഎം നേതാക്കൾ പരസ്യമായി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇതിനിടയിലാണ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ രേഖയിൽ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ കണ്ടെത്തലുകൾ ഉള്ളത്.

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ്പെടുത്ത പാർട്ടി സഖാക്കൾ പണം തിരിച്ചടയ്ക്കുന്നില്ലെന്ന കണ്ടെത്തൽ പാർട്ടി രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകരണ മേഖലകളിൽ നിന്നുതന്നെ ഇത്തരത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്. കോടികൾ തന്നെ ഇത്തരത്തിൽ വായ്പ എടുത്തു തിരിച്ചടയ്ക്കാത്ത പരാതികളും ഉയർന്നുവന്നു. തിരിച്ചടയ്ക്കാൻ പറ്റുന്ന വായ്പകൾ മാത്രമേ സഖാക്കൾ ബാങ്കിൽ നിന്ന് എടുക്കാവൂ എന്നാണ് പാർട്ടി നിർദേശം. കുടിശ്ശിക വരുത്തിയിട്ടുള്ള സഖാക്കൾ ഉടനെ അടച്ചു തീർക്കണമെന്നാണ് നിർദ്ദേശം. വലിയ തുക വായ്പ എടുക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്മിറ്റികളുടെ അനുമതി വാങ്ങണമെന്നും സംസ്ഥാന നേതൃത്വം നിർദേശിച്ചു. ഓരോ ഏരിയയിലും സഹകരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധനാ സംവിധാനങ്ങൾ രൂപപ്പെടുത്തണം, ഇതിൽ കൃത്യമായ പരിശോധന നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും കീഴ്ഘടകങ്ങൾക്ക് നേതൃത്വം നിർദേശം നൽകി. പാർട്ടി പത്രത്തിന്റെ പേരിലും കെട്ടിട നിർമാണത്തിന്റെ പേരിലും അനധികൃതമായി പണപ്പിരിവ് പാർട്ടി അംഗങ്ങൾ നടത്തരുതെന്നും നിർദേശമുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News