കാട്ടൂര്‍ പോക്സോ കേസ്; പ്രതിക്കൊപ്പം നാട്ടുകാര്‍, ഇരയുടെ കുടുംബത്തിന് ഊര് വിലക്കെന്ന് പരാതി
പ്രതി മോശക്കാരനല്ലെന്നും വ്യാജ പരാതിയാണ് നൽകിയതെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി
തൃശ്ശൂർ കാട്ടൂരിൽ പോക്സോ കേസിലെ ഇരയുടെ കുടുംബത്തിന് ഊരുവിലക്കെന്ന് പരാതി. ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സായൂജിനെതിരെ വ്യാജ പരാതിയാണ് നൽകിയതെന്ന് കാണിച്ച് നാട്ടുകാർ കുടുംബത്തിനെതിരെ കൂട്ടപരാതി നൽകിയെന്നും ആരോപണമുണ്ട്. ഇരയുടെ കുടുംബത്തിന്റെ പരാതിയിൽ അറസ്റ്റിലായ സായൂജ് ഇപ്പോൾ റിമാൻഡിലാണ്.
പ്രതി മോശക്കാരനല്ലെന്നും വ്യാജ പരാതിയാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഒപ്പ് ശേഖരണം നടത്തിയിരുന്നു. പ്രതിക്കായി നാട്ടുകാരെല്ലാം ഒറ്റക്കെട്ടായപ്പോൾ ഇരയുടെ കുടുംബത്തിന് ജീവിക്കാൻ കഴിയാത്ത അവസ്ഥയായി.
കഴിഞ്ഞ വർഷം ജൂണിലാണ് സി.പി.എം പ്രവർത്തകനായ സായൂജ് കാട്ടൂർ കുട്ടിയോട് മോശമായി പെരുമാറിയത്. പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, പരാതി വ്യാജമല്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതി ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്. സായൂജ് ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നത്. എന്നാൽ സംഘടനയുടെ ഭാരവാഹിത്വമില്ലെന്നാണ് ഡി.വൈ.എഫ്.ഐ വ്യക്തമാക്കുന്നത്.