മെക് സെവനെതിരായ പി. മോഹനന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു
സിപിഎം നടുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറിയായ അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്.
കോഴിക്കോട്: മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ നിലപാടിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ടു. സിപിഎം നടുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറിയായ അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്. മുസ്‌ലിംകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് അക്ബറലി പറഞ്ഞു.
സിപിഎമ്മിന്റെ മതേതര കാഴ്ചപ്പാട് തികഞ്ഞ കാപട്യമാണ്. തരാതരം പോലെ വർഗീയതയെ പ്രീണിപ്പിക്കുന്നതാണ് അവരുടെ കാഴ്ചപ്പാണ്. അതിന്റെ അവസാന ഉദാഹരണമാണ് മെക് സെവനെതിരായ നിലപാട്. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട ആളുകൾ അതിൽ പങ്കെടുക്കുന്നത് എന്നതുകൊണ്ട് അതിന് തീവ്രവാദ ബന്ധമുണ്ട് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞത്.
സിപിഎം സ്വീകരിക്കുന്ന പല നിലപാടുകളും ജനാധിപത്യവാദികൾക്ക് അംഗീകരിക്കാൻ കഴിയില്ല. അവരുടെ മതേതര നിലപാട് സത്യസന്ധതയില്ലാത്തതാണ്. സിപിഎമ്മിലുള്ള പലർക്കും പാർട്ടിയുടെ നിലപാടുകളിൽ കനത്ത അമർഷമുണ്ട്. അവർ പാർട്ടിയിൽ തുടരുന്നത് വിധേയത്വം കൊണ്ടാണ്. താൻ ഒരു ആനുകൂല്യവും പാർട്ടിയിൽനിന്ന് വ്യക്തിപരമായി സ്വീകരിച്ചിട്ടില്ലെന്നും അക്ബറലി പറഞ്ഞു.
പാർട്ടിയിൽ നേരത്തെ തന്നെ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. സിപിഎമ്മിൽ ഇപ്പോൾ ജനാധിപത്യമില്ലെന്നും അക്ബറലി പറഞ്ഞു.