മുൻ മന്ത്രിയെ ആക്രമിച്ച കേസിൽ സി.പി.എം നേതാക്കൾ കൂറുമാറി; ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു

2016 മേയ് 19-ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ലാദപ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായി ചുമതലയേറ്റത്.

Update: 2023-01-29 08:18 GMT

E Chandrashekharan

Advertising

കാസർകോട്: മുൻ മന്ത്രിയും സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യെ ആക്രമിച്ച കേസിൽ പ്രതികളായ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെവിട്ടു. സാക്ഷികളായ സി.പി.എം നേതാക്കൾ കൂറുമാറിയതോടെയാണ് തെളിവുകളുടെ അഭാവത്തിൽ 12 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെവിട്ടത്.

2016 മേയ് 19-ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ലാദപ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായി ചുമതലയേറ്റത്. ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.കെ.രവി 2022 നവംബർ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയംഗം അനിൽ ബങ്കളമാണ് മൊഴിമാറ്റിയ മറ്റൊരാൾ.



 സി.പി.എം നേതാക്കൾ പ്രതികളായ മറ്റൊരു കേസിലെ സാക്ഷികളായ ബി.ജെ.പി പ്രവർത്തകർ കൂറുമാറിയതിന് പ്രത്യുപകാരമായാണ് ഈ കൂറുമാറ്റമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയാ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗം പി.കെ.രാമചന്ദ്രൻ, ചുള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം സിനു കുര്യാക്കോസ് ഉൾപ്പെടെ 11 സി.പി.എം. പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെയാണ് സാക്ഷികളായ ബി.ജെ.പി. പ്രവർത്തകർ ഏതാനും മാസം മുമ്പ് കൂറുമാറിയത്. ഈ രണ്ട് കേസുകളിലെയും സാക്ഷികൾ കൂറുമാറിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News