പെരിയ ഇരട്ടക്കൊല കേസ്: പ്രതികളായ സിപിഎം നേതാക്കൾ പുറത്തിറങ്ങി

ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാല് നേതാക്കളാണ് ജയിൽമോചിതരായത്.

Update: 2025-01-09 05:55 GMT
Advertising

കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കൾ ജാമ്യത്തിലിറങ്ങി. കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ജയിൽമോചിതരായത്. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ജയിലിൽ അടച്ചപ്പോൾ പ്രതികരിക്കാതിരുന്നത്. രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമായാണ് തങ്ങളെ ശിക്ഷിച്ചത്. കൊലപാതകത്തിന് പിന്നിൽ ഒരു ​ഗൂഢാലോചനയും ഉണ്ടായിട്ടില്ലെന്നും കെ.വി കുഞ്ഞിരാമൻ ജയിലിന് പുറത്ത് പ്രതികരിച്ചു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ തുടങ്ങിയവർ നേതാക്കളെ സ്വീകരിക്കാനെത്തിയിരുന്നു.

സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്ന അഞ്ച് വർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷയാണ് ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്. 14-ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സി പി എം കാസർകോട് ജില്ലാ കമ്മറ്റി അംഗവുമായ കെ.മണികണ്ഠൻ, 20-ാം പ്രതി ഉദുമ മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തതോളി, 22-ാം പ്രതി കെ.വി.ഭാസ്‌കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News