'കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാത്രം നടപടി'; പീഡനക്കേസിൽ മുകേഷിനെ സംരക്ഷിച്ച് സിപിഎം
മുകേഷിനെ പുറത്താക്കാൻ സിപിഎം തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു


കൊല്ലം: പീഡനക്കേസിൽ കൊല്ലം എംഎൽഎ എം മുകേഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാത്രം നടപടി മതിയെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി പറഞ്ഞു. മുകേഷിനെ പുറത്താക്കാൻ സിപിഎം തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു.
പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം മുകേഷ് എംഎൽഎയ്ക്ക് എതിരെ ഗുരുതര കണ്ടെത്തലുകൾ നടത്തിയെങ്കിലും രാജി വേണ്ട എന്നതാണ് സിപിഎം നിലപാട്. എംഎൽഎയെ തള്ളാതെ ഒപ്പം നിർത്തുകയാണ് പാർട്ടി. അന്വേഷണം തീരുംവരെ എന്തിനാണ് വേവലാതിയെന്നാണ് കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ പ്രതികരണം.
രാജിവെക്കേണ്ടത് നിയമപ്രശ്നമല്ല, ധാർമിക പ്രശ്നമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീ പീഡകർക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭയെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി വ്യക്തമാക്കി. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് മഹിളാ കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് എംഎൽഎയുടെ കോലം കത്തിച്ചു.