'ബ്രണ്ണൻ യുദ്ധം' അവസാനിപ്പിച്ച് സിപിഎം

സുധാകരന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് സേവറി നാണു, നാൽപാടി വാസു വധക്കേസുകളിൽ നിയമപോരാട്ടത്തിന് തുടക്കമിടാൻ സിപിഎം നീക്കം. നാണു വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നാളെ പരാതി നൽകും

Update: 2021-06-21 17:04 GMT
Editor : Shaheer | By : Web Desk
Advertising

ബ്രണ്ണൻ കോളേജ് വിവാദത്തിൽനിന്ന് പിൻമാറാൻ തീരുമാനിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സുധാകരന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് സേവറി നാണു, നാൽപാടി വാസു വധക്കേസുകളിൽ നിയമപോരാട്ടത്തിന് തുടക്കമിടാനാണ് സിപിഎം നീക്കം.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചെന്ന് എ. വിജയരാഘവൻ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. അതുകൊണ്ടാണ് സിപിഎം മറുപടി പറഞ്ഞത്. കെപിസിസി അധ്യക്ഷന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല സുധാകരന്‍ ചെയ്തത്. സ്വാഭാവികമായും അതേതരത്തില്‍ സിപിഎം മറുപടി പറഞ്ഞിട്ടുണ്ട്. അതോടെ ഇക്കാര്യം അവസാനിച്ചെന്ന് വിജയരാഘവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാല്‍, സുധാകരൻ നടത്തിയ വിവാദ പ്രസ്താവനയുടെ ചുവടുപിടിച്ച് ഇരുകേസുകളിലും നിയമപോരട്ടത്തിന് തുടക്കമിടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സേവറി നാണു, നാൽപാടി വാസു വധക്കേസുകളിലെ പുനരന്വേഷണ സാധ്യത സർക്കാർ പരിശോധിക്കേണ്ടതാണെന്ന് വിജയരാഘവൻ പറഞ്ഞു. സുധാകരൻ കണ്ണൂർ ഡിസിസി പ്രസിഡണ്ടായിരിക്കെ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ പുനരന്വേഷണം ആവശ്യപ്പെടുന്നതിലൂടെ സുധാകരനെയും കോൺഗ്രസിനെയും സമ്മർദത്തിലാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

നിയമപോരാട്ടത്തിന്റെ ആദ്യ ഘട്ടമായി സേവറി ഹോട്ടൽ ജീവനക്കാരനായ നാണുവിന്റെ കൊലപാതകത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെയും കോടതിയെയും സമീപിക്കാനാണ് പാർട്ടിയുടെയും കുടുംബത്തിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ നാണുവിന്റെ ഭാര്യ ഭാർഗവി നാളെ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകും. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹരജി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ നാൽപാടി വാസു വധക്കേസിലും പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി വാസുവിന്റെ കുടുംബം രംഗത്തെത്തി. കേസിൽ നീതി ലഭിച്ചില്ലെന്ന് വാസുവിന്റെ സഹോദരൻ പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News